'ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം, വ്യാവസായികാടിസ്ഥാനത്തിൽ ഭീകരകേന്ദ്രങ്ങൾ'; പാകിസ്താനെതിരെ എസ് ജയശങ്കർ

സ്വാതന്ത്ര്യകാലം മുതൽ ഇന്ത്യ ഭീകരവാദത്തെ നേരിടുകയാണെന്ന്, പഹൽഗാം ഭീകരാക്രമണം എടുത്തുപറഞ്ഞ് ജയശങ്കറിന്‍റെ പ്രസംഗം

'ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം, വ്യാവസായികാടിസ്ഥാനത്തിൽ ഭീകരകേന്ദ്രങ്ങൾ'; പാകിസ്താനെതിരെ എസ് ജയശങ്കർ
dot image

ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പാകിസ്താനെ ജയശങ്കർ വിളിച്ചത്. ലോകത്ത് നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ഒരു രാജ്യത്തുനിന്നും രൂപം കൊണ്ടവയാണെന്നും പ്രസംഗത്തിൽ ജയശങ്കർ പറഞ്ഞു.

ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണ് അയൽരാജ്യം. സ്വാതന്ത്ര്യകാലം മുതൽ ഇന്ത്യ ഭീകരവാദത്തെ നേരിടുകയാണെന്നും പഹൽഗാം ഭീകരാക്രമണം എടുത്തുപറഞ്ഞ് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദം നയമായി സ്വീകരിക്കുകയും വ്യാവസായികാടിസ്ഥാനത്തിൽ ഭീകരകേന്ദ്രങ്ങൾ തുടങ്ങുകയും ഭീകരരെ പരസ്യമായി മഹത്വ വൽകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ലോകം ഒറ്റക്കെട്ടായി നേരിടണം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആരെങ്കിലും പിന്തുണച്ചാൽ നാളെ തിരിച്ചടിക്കുമെന്ന് പറഞ്ഞ ജയശങ്കർ, ലോകത്ത് നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങളുടെയും അടിവേരുകൾ തേടിപോയാൽ എത്തുക പാകിസ്താനിലായിരിക്കുമെന്നും ആരോപിച്ചു. ഭീകരതയിൽനിന്നും സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ആക്രമണങ്ങൾക്ക് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള അവകാശം ഇന്ത്യക്കുണ്ട്. ഭീകരതയ്ക്ക് ധനസഹായം നൽകുന്നത് അടിച്ചമർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഭീകരവാദത്തെ തടയുന്നതിലെ യുഎൻ നിലപാടിനെതിരെയും ജയശങ്കർ വിമർശനമുന്നയിച്ചു. ലോകത്ത് സംഘർഷങ്ങൾ വർധിക്കുമ്പോഴും ഭീകരവാദം ശക്തിപ്രാപിക്കുമ്പോഴും യുഎന്നിന് ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു ജയശങ്കറിന്റെ പരാമർശം.

Content Highlights: major international terrorist attacks are traced back to one country S Jaishankar Shreds Pakistan At UN

dot image
To advertise here,contact us
dot image