'സബ്ജക്ട് ഈസ് ക്ലോസ്ഡ്, ചർച്ചയ്‌ക്കൊന്നും ഇനി കാര്യമില്ല'; അമൃതാനന്ദമയി വിഷയത്തിൽ സജി ചെറിയാൻ

അമൃതാനന്ദമയി വിഷയവുമായി ബന്ധപ്പെട്ട ചർച്ച കഴിഞ്ഞ കാര്യമാണെന്ന് സജി ചെറിയാൻ

'സബ്ജക്ട് ഈസ് ക്ലോസ്ഡ്, ചർച്ചയ്‌ക്കൊന്നും ഇനി കാര്യമില്ല'; അമൃതാനന്ദമയി വിഷയത്തിൽ സജി ചെറിയാൻ
dot image

കൊച്ചി: അമൃതാനന്ദമയിയെ ആശ്ലേഷിച്ചത് വിമർശനങ്ങൾക്ക് വഴിവെച്ചതോടെ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ഒരു പരിഹാസവുമില്ലെന്നും അത് കഴിഞ്ഞ കാര്യമാണെന്നും പറഞ്ഞ് സജി ചെറിയാൻ ഒഴിഞ്ഞുമാറുകയായിരുന്നു. 'സബ്ജക്ട് ഈസ് ക്ലോസ്ഡ്' എന്ന് മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം, അത് കഴിഞ്ഞെന്നും ചർച്ചയ്‌ക്കൊന്നും ഇനി കാര്യമില്ലെന്നും വ്യക്തമാക്കി. താൻ അതിൽ വിശദീകരണം നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു ആദരം അര്‍പ്പിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ആയിരുന്നു ആദരം.

ചടങ്ങിൽ അമൃതാനന്ദമയിയെ അദ്ദേഹം ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടതുപക്ഷ സർക്കാരിൽ നിന്നും, ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിയിൽനിന്നും ഉണ്ടായ പ്രവർത്തി തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന വിമർശനം പിന്നാലെ ഉയരുകയുണ്ടായി. സംവിധായകൻ പ്രിയനന്ദനൻ, മുതിർന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകൻ ജെയ്ൻ രാജ് അടക്കമുള്ളവർ ഇതിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയും വ്യാപക വിമർശനമാണ് ഉയർന്നത് .

എന്നാൽ അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും അതുകൊണ്ടാണ് താൻ അഭിനന്ദിക്കാൻ പോയതെന്നുമാണ് സജി ചെറിയാൻ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. താനവരെ കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തുവെന്നും അതിൽ അവർ ഞെട്ടിപ്പോയെന്നും സജി ചെറിയാൻ പറയുകയുണ്ടായി. ആദ്യമായിട്ടാണ് അമ്മയ്ക്ക് ഒരാൾ അങ്ങോട്ട് ഉമ്മ കൊടുക്കുന്നത്. ടെലിവിഷനിൽ ഒക്കെ വന്നിട്ടുണ്ട്, എല്ലാവരും കാണണമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

Content Highlights: minister saji cheriyan reaction over govt tribute to Mata Amritanandamayi

dot image
To advertise here,contact us
dot image