
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ വാദങ്ങള്‍ തള്ളി എഡിജിപി. കല്ലേറും ലാത്തി ചാര്‍ജും ഉണ്ടായിട്ടില്ലെന്ന് എഡിജിപി ഡേവിഡ്‌സണ്‍ പറഞ്ഞു. പൊലീസ് പ്രവര്‍ത്തകരെ കൈ കൊണ്ട് തള്ളുക മാത്രമാണ് ചെയ്തതെന്നും എഡിജിപി പറഞ്ഞു. വിജയ് ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് ഇപ്പോള്‍ തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ടിവികെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു. ആവശ്യത്തിന് പൊലീസുകാര്‍ ഉണ്ടായിരുന്നു. ചെറുപ്പക്കാര്‍ പൊലീസ് നിര്‍ദേശം അനുസരിച്ചില്ല. അത് അപകടത്തിന് കാരണമായി. ആള്‍ക്കൂട്ടം കാരണം നിശ്ചയിച്ച സമയത്തിന് മുമ്പ് പരിപാടിയില്‍ സംസാരിക്കാന്‍ വിജയിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ നിരസിച്ചു', എഡിജിപി പറഞ്ഞു.
വിജയ്‌യുടെ വാഹനങ്ങള്‍ 50 മീറ്റര്‍ അകലെ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും നിരസിച്ചുവെന്ന് എഡിജിപി പറഞ്ഞു. അതേസമയം വിജയ് സംസാരിക്കുമ്പോള്‍ വൈദ്യുതി കട്ട് ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. നിലവില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് അരുണ ജഗദീശന്‍ കരൂരിലെത്തി അപകട സ്ഥലം സന്ദര്‍ശിക്കുകയാണ്.
അതേസമയം കരൂര്‍ ദുരന്തത്തില്‍ മരണ സംഖ്യ 40 ആയി. കരൂര്‍ സ്വദേശി കവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ കവിന്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
Content Highlights: Karoor tragedy ADGP rejected TVK s arguments