കരൂര്‍ ദുരന്തത്തില്‍ മരണം 40; പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയയാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

വിജയ്‌യുടെ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കരൂര്‍ ദുരന്തത്തില്‍ മരണം 40; പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയയാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
dot image

കരൂര്‍: കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരണ സംഖ്യ 40 ആയി. കരൂര്‍ സ്വദേശി കവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ കവിന്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നുവെന്ന് കവിന്റെ പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്വകാര്യ ബാങ്കിലെ മാനേജറാണ് 32കാരനായ കവിന്‍. ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്‍ ആനന്ദിനെതിരെയാണ് കേസ്. കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. പൊലീസ് കേസെടുത്തതോടെ മതിയഴകന്‍ ഒളിവില്‍ പോയെന്നാണ് വിവരം. മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കരൂർ ദുരന്തത്തിൽ ടിവികെ ഹൈക്കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീൽ നൽകി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു. ടിവികെ നേതാക്കൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ സെക്രട്ടറിമാർക്കും സുരക്ഷ വർദ്ധിപ്പിക്കാനാണ് നിർദേശം. ജനങ്ങളുടെ ദേഷ്യം കാരണമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നിർദ്ദേശമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്.

സംഭവത്തെ തുടർന്ന് നടന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെ ഒരു സംഘം കൂടി വിജയ്‌യുടെ വീട്ടിലെത്തിയതായാണ് വിവരം. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതംവും പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും നല്‍കാനാണ് തീരുമാനം. എക്‌സ് പോസ്റ്റിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. കരൂരിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ത്ത് ഹൃദയം വിങ്ങുകയാണെന്നും അവരുടെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണെന്നും വിജയ് പറഞ്ഞു. അവരുടെ കുടുംബത്തിലെ അംഗം എന്ന നിലയിലാണ് തുക നല്‍കുന്നതെന്നും ഈ ഘട്ടത്തില്‍ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നും വിജയ് വ്യക്തമാക്കി.

ഇതിനിടെ വിജയ്‌യുടെ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. സെന്തിൽ കണ്ണൻ എന്ന ആളാണ് ഹർജി നൽകിയത്. ഹർജി ഇന്ന് വൈകീട്ട് കോടതി പരിഗണിക്കും

Content Highlights: Death toll in TVK rally tragedy in Karur rises to 40

dot image
To advertise here,contact us
dot image