
ബഹ്‌റൈനിൽ കഴിയുന്ന ഇന്ത്യക്കാരുടെ തൊഴിൽ പരമായ പ്രശ്‍നങ്ങൾ നേരിട്ട് പരിഹരിക്കുന്ന ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ് അധ്യക്ഷത വഹിച്ചു. എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീമും കോൺസുലാർ ടീമും എംബസി പാനൽ അഭിഭാഷകരും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലായി നടന്ന ഓപൺ ഹൗസിൽ 50-ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.
2025 സെപ്റ്റംബർ 15-ന് എംബസിയിലെ കോൺസുലാർ ഹാളിൽ നടന്ന ആന്ധ്രാപ്രദേശ്, തെലങ്കാന ടൂറിസം, ഒഡിഒപി മതിലുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു. ഇരു സംസ്ഥാനങ്ങളുടെയും പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങളും പരിപാടിയിൽ ഉണ്ടായിരുന്നു. വികസിത് ഭാരത് റൺ 2025 ജുഫൈറിലെ മറീന ബീച്ച് പാർക്ക് ഏരിയയിൽ വിജയകരമായി നടന്നു. രാവിലെ 6:00 മുതൽ 8:30 വരെ നടന്ന പരിപാടിയിൽ എല്ലാ പ്രായത്തിലുമുള്ള ഏകദേശം 200 പേർ പങ്കെടുത്തു.
ഇന്ത്യൻ തടവുകാരുമായി സംവദിക്കാനും അവരുടെ ക്ഷേമ സ്ഥിതി വിലയിരുത്താനും ചാൻസലർ/ചാൻസറി മേധാവി രാജീവ് കുമാർ മിശ്ര, ക്ഷേമ ഉദ്യോഗസ്ഥർക്കൊപ്പം ജൗ ജയിൽ സന്ദർശിച്ചു. ഇന്ത്യൻ വനിതാ തടവുകാരെ കാണാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും എംബസി ഉദ്യോഗസ്ഥർ ഇസ ടൗണിലെ വനിതാ തടങ്കൽ കേന്ദ്രവും സന്ദർശിച്ചു. കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിക്കപ്പെട്ട കേസുകളിൽ ഭൂരിഭാഗവും പരിഹരിച്ചു. വീട്ടുജോലിക്കാർക്കും ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും എംബസി ബോർഡിംഗ് & താമസ സൗകര്യം, അടിയന്തര സർട്ടിഫിക്കറ്റുകൾ, വിമാന ടിക്കറ്റുകൾ, ഇന്ത്യാ ഗവൺമെന്റിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) വഴി മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള സഹായപ്രവർത്തികൾ ചെയ്തുവരുന്നതായി അധികൃതർ വ്യക്തമാക്കി.
കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ കാര്യങ്ങളിൽ പിന്തുണയും തുടർനടപടിയും സ്വീകരിച്ചതിന് തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇമിഗ്രേഷൻ അധികാരികൾ എന്നിവയുൾപ്പെടെയുള്ള ബഹ്‌റൈൻ സർക്കാർ അധികാരികൾക്ക് അംബാസഡർ നന്ദി പറഞ്ഞു. വിവിധ പ്രവർത്തനങ്ങളിൽ എംബസിയുമായി സഹകരിച്ചതിന് ഇന്ത്യൻ സമൂഹത്തിനും സംഘടനകൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഓപൺ ഹൗസിൽ ഉന്നയിച്ച ഇന്ത്യൻ സമൂഹത്തിന്റെ പരാതികൾ വിജയകരമായി പരിഹരിച്ചതായി എംബസി അധികൃതർ വ്യക്തമാക്കി.
Content Highlights: Indian Embassy holds Open House, highlights community outreach and welfare efforts