ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു; സോനം വാങ്ചുകിനെ ഉടൻ മോചിപ്പിക്കണം: സിപിഐഎം പിബി

ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും പൊളിറ്റ് ബ്യൂറോ ആരോപിച്ചു

ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു; സോനം വാങ്ചുകിനെ ഉടൻ മോചിപ്പിക്കണം: സിപിഐഎം പിബി
dot image

ലഡാക്ക്: സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുകിനെ ഉടൻ മോചിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ദേശീയ സുരക്ഷാ നിയമം എന്ന കിരാത നിയമം അദ്ദേഹത്തിനെതിരെ ചുമത്തിയത് പ്രതിഷേധാർഹമാണ്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും പൊളിറ്റ് ബ്യൂറോ ആരോപിച്ചു.

അതേസമയം, സോനം വാങ്ചുകിനെതിരെ ലഡാക് ഡിജിപി എസ് ഡി സിംഗ് ജാംവാൾ
രംഗത്തെത്തി. വാങ്ചുക് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ഇതിനാലാണ് ദേശീയസുരക്ഷാ നിയമം ചുമത്തിയതെന്നും ഡിജിപി പറഞ്ഞു. അസ്ഥിരത സൃഷ്ടിക്കാൻ ശ്രമമുണ്ടായി. ചർച്ചകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ലഡാക്ക് പൊലീസ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. സോനം വാങ്ചുക് നടത്തിയ പല പരാമർശങ്ങളും ലഡാക്കിൽ സംഘർഷം ആളിക്കത്തിച്ചതായി കേന്ദ്രസർക്കാർ വിമർശനം ഉന്നയിച്ചിരുന്നു.

നേരത്തെ തന്നെ കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്ന ആരോപണവുമായി സോനം വാങ്ചുക് രംഗത്തെത്തിയിരുന്നു. വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് പറഞ്ഞിരുന്നു. കുറ്റങ്ങളെല്ലാം തന്റെ മേൽ ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബുധനാഴ്ചയായിരുന്നു ലഡാക്കിന് സ്വതന്ത്ര പദവി നൽകണമെന്നാവശ്യപ്പെട്ട് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും 50 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് കൗൺസിലർ സ്റ്റാൻസിൻ സെവാങ്ങിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നേപ്പാളാക്കാൻ കോൺഗ്രസും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നു എന്നായിരുന്നു ബിജെപിയുടെ ആരോപണം. പ്രശ്നം പരിഹരിക്കുന്നതിന് പകരം രാഹുൽ ഗാന്ധിയുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിച്ചിരുന്നു.

Content Highlights: CPIM PB demands immediate release of Sonam Wangchuk

dot image
To advertise here,contact us
dot image