'ഇവൻമാർക്ക് കുളിച്ചൂടെ' അന്താരാഷ്ട്ര കളിക്കാരല്ലേ?; ബംഗ്ലാദേശ് കളിക്കാർക്കെതിരെ രൂക്ഷമായ ബോഡി ഷെയ്മിങ്

ഇത്തരം അധിക്ഷേപകരുടെ ഏറ്റവും പുതിയ ഇരയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍

'ഇവൻമാർക്ക് കുളിച്ചൂടെ' അന്താരാഷ്ട്ര കളിക്കാരല്ലേ?; ബംഗ്ലാദേശ് കളിക്കാർക്കെതിരെ രൂക്ഷമായ ബോഡി ഷെയ്മിങ്
dot image

ബാറ്റിങ് പോരാ… ബൗളിങ് മോശമാണ്…. ഫീൽഡിങ് അതിലും മോശം….ക്രിക്കറ്റിൽ കളിക്കാരെ വിമർശിക്കാനും ട്രോൾ ചെയ്യാനും ഇങ്ങനെ ഒരുപാട് കാരണങ്ങളുണ്ടാകാറുണ്ട്. ക്രിക്കറ്റിന്റെ അടിസ്ഥാന കാര്യങ്ങൾ മറക്കുന്നവർക്ക് ഈ കളിയാക്കലുകൾ ഒരു ദയയുമില്ലാതെ ലഭിക്കാറുണ്ട്. എന്നാൽ ഇതിനപ്പുറം കളിക്കാരുടെ കൂടുംബക്കാരെയും അവരുടെ വ്യക്തിപരമായുള്ള കാര്യങ്ങളുമൊക്കെ വലിച്ചിഴച്ച് കളിയാക്കുന്നതുമെല്ലാം സൈബർ ഇടങ്ങളിലെ സോ കോൾഡ് ക്രിക്കറ്റ് പ്രേമികൾക്ക് ആനന്ദം നൽകുന്ന കാര്യമാണ്. ഇക്കാര്യം കുറെയേറെ കളിക്കാർക്ക് വിഷമമുണ്ടാക്കിയിട്ടുമുണ്ട്. ക്രിക്കറ്റ് എന്ന മണിക്കൂറുകൾ മാത്രം നിൽക്കുന്ന ഗെയ്മിന് പുറത്ത് അവരും മനുഷ്യരാണല്ലോ. ഇത്തരം അധിക്ഷേപകരുടെ ഏറ്റവും പുതിയ ഇര ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളാണ്.

പാകിസ്താനെതിരെയുള്ള സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശ് പരാജയം വഴങ്ങിയിരുന്നു. ലോ സ്‌കോറിങ് മത്സരമായിരുന്നെങ്കിലും അവസാന ഓവർ വരെ കളിയുടെ ആവേശം നിലനിന്നിരുന്നു. ആദ്യം ബോൾ ചെയ്ത ബംഗ്ലാദേശ് ആദ്യ പകുതിയിൽ പാകിസ്താനെ വിറപ്പിച്ചിരുന്നു. 65 റൺസ് തികയുന്നതിന് മുമ്പ് തന്നെ അഞ്ച് പാക് വിക്കറ്റുകൾ വീഴ്ത്താനും കടുവകൾക്ക് സാധിച്ചു. ബാറ്റിങ് പാളിയെങ്കിലും ദുബായ് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ബംഗ്ലാദേശ് വീരോചിതമായി തന്നെ പൊരുതി.

എന്നാൽ ഇതൊന്നും കാണാതെ, മത്സരത്തിൽ മികച്ച ബോളിങ് കാഴ്ചവെച്ച റിഷാദ് ഹുസൈനെയും വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ജേക്കർ അലിയെയും അവരുടെ താടിയുടെയും മുടിയുടെയും പേരിലും അവരുടെ രൂപത്തിന്റെ പേരിലും കളിയാക്കുകയാണ് ക്രിക്കറ്റിനെ 'നെഞ്ചിലേറ്റിയ' പ്രേമികൾ. 'അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോൾ കുളിച്ചിട്ട് വരേണ്ട? താടിയൊക്കെ ഒതുക്കിക്കൂടെ…' എന്നൊക്കെയാണ് ആളുകളുടെ കമന്റുകൾ. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഏത് നിയമത്തിലാണ് ഇത്തരം മൂല്യങ്ങൾ കളിക്കാർക്ക് ആവശ്യമുള്ളതെന്ന് ഈ പറയുന്നവർ തന്നെ പുറത്തുകാണിച്ചിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.

ലോകത്തിലെ ഏത് കായിക ഇനവും ആളുകളെ ഒരുമിപ്പിക്കാനുള്ളതാവണം. കഴിവ് മാത്രമായിരിക്കണം ഒരു കളിക്കാരനെ പുകഴ്ത്താനും ഇകഴ്ത്താനുമുള്ള അളവുകോലെന്ന് ഈ പ്രത്യേക തരം ക്രിക്കറ്റ് ആരാധകർ മനസിലാക്കണം. ആളുകളുടെ രൂപവും ഭാവവും ഒന്നും ഒരിക്കലും നിങ്ങളുടെ പ്രശ്‌നമേയല്ല 'ആരാധകരെ'!

Content Highlights- So called Social media cricket fans Body Shames Bangladesh Players

dot image
To advertise here,contact us
dot image