'ഞാന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന നേതാവല്ല': വിജയ്‌യെ പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍

വിജയ്‌യുടെ ശനിയാഴ്ചകളിലെ ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനിധിയുടെ പരാമര്‍ശം

'ഞാന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന നേതാവല്ല': വിജയ്‌യെ പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍
dot image

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യെ പരിഹസിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. താന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. ആഴ്ച്ചയില്‍ ഒരുദിവസം മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളല്ല താനെന്നും മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഉദയനിധി പറഞ്ഞു. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. വിജയ്‌യുടെ ശനിയാഴ്ചകളിലെ ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

'ഞാന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല. എല്ലാ ദിവസവും ജനങ്ങളെ കാണുന്നയാളാണ്. ആഴ്ച്ചയില്‍ നാലോ അഞ്ചോ ദിവസം ഞാന്‍ പുറത്തായിരിക്കും. ശനിയാഴ്ച മാത്രമല്ല ഞായറാഴ്ച്ചയും പുറത്തായിരിക്കും. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും എനിക്കറിയില്ല. ഇന്ന് വെളളിയാഴ്ച്ചയാണോ? എനിക്കറിയില്ല. ഞാനത് നോക്കാറില്ല. ഞാന്‍ പല ജില്ലകളിലും പോകുമ്പോള്‍ അവിടെ നിവേദനങ്ങളുമായി ആളുകള്‍ നില്‍ക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോള്‍ കുറച്ച് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. എംഎല്‍എ ആയപ്പോള്‍ അത് അധികമായി. മന്ത്രിയായപ്പോള്‍ നിവേദനങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ഉപമുഖ്യമന്ത്രി ആയപ്പോൾ ലഭിക്കുന്ന നിവേദനങ്ങള്‍ വയ്ക്കാന്‍ വണ്ടിയില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. എങ്കിലും ഞാന്‍ വണ്ടിനിര്‍ത്തി എന്നെക്കാണാന്‍ വരുന്ന അമ്മപെങ്ങന്മാരോട് സംസാരിക്കും': ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും വിജയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വാരാന്ത്യങ്ങളില്‍ മാത്രം രാഷ്ട്രീയത്തില്‍ സജീവമാകുന്ന വിജയ്ക്ക് തന്റെ പാര്‍ട്ടിയായ ടിവികെ, ഡിഎംകെയ്ക്ക് ബദലാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല എന്നാണ് അണ്ണാമലൈ പറഞ്ഞത്. രാഷ്ട്രീയത്തിന് 24 മണിക്കൂറും ഊര്‍ജസ്വലത ആവശ്യമാണെന്നും രാഷ്ട്രീയത്തെ ഗൗരവമായി കാണുകയും ദിവസവും സ്വയം ഇടപെടുകയും വേണമെന്നും അണ്ണാമലൈ പറഞ്ഞു. 'വിജയ് വാരാന്ത്യങ്ങളില്‍ മാത്രമേ സജീവമാകൂ. വര്‍ഷം മുഴുവന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നേതാക്കളും പ്രവര്‍ത്തകരുമുളള ബിജെപിക്ക് മാത്രമേ ഡിഎംകെയ്ക്ക് ബദലായി നില്‍ക്കാന്‍ കഴിയുകയുളളു. തമിഴക വെട്രി കഴകം ഒരു ബദല്‍ ശക്തിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് രാഷ്ട്രീയത്തെ ഗൗരവമായി കാണുകയും 24 മണിക്കൂറും പ്രവര്‍ത്തിച്ച് ആ പ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ ഉദ്ദേശങ്ങള്‍ വ്യക്തമാക്കുകയും ചെയ്യണം. ഡിഎംകെയ്ക്ക് പകരം എന്‍ഡിഎയെ ജനങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞു', എന്നാണ് അണ്ണാമലൈ പറഞ്ഞത്.

സെപ്റ്റംബര്‍ 13-നാണ് വിജയ് സംസ്ഥാന പര്യടനം ആരംഭിച്ചത്. 38 ജില്ലകളിലൂടെയും പര്യടനം നടത്താനാണ് വിജയ്‌യുടെ തീരുമാനം. എല്ലാ ശനിയാഴ്ചകളിലും മൂന്നും നാലും ജില്ലകള്‍ സന്ദര്‍ശിച്ച് ഡിസംബര്‍ ഇരുപതിനുളളില്‍ പര്യടനം പൂര്‍ത്തിയാക്കാനാണ് ടിവികെയുടെ പദ്ധതി. സ്‌കൂള്‍ കുട്ടികളെയും പൊതുജനങ്ങളെയും ബാധിക്കാതിരിക്കാനാണ് പരിപാടികള്‍ വാരാന്ത്യത്തിലേക്ക് മാറ്റിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വാദം.

Content Highlights: i am not a saturday only leader: udhayanidhi stalin mocks tvk vijay's weekend outreach rally

dot image
To advertise here,contact us
dot image