20 വർഷത്തിന് ശേഷം രാജ് താക്കറെയുടെ വീട്ടിലെത്തി ഉദ്ദവ് താക്കറെ; രാഷ്ട്രീയ ആകാംക്ഷയിൽ മഹാരാഷ്ട്ര

ശിവസേനയിൽ നിന്ന് പിരിഞ്ഞ് പോയി രാജ് താക്കറെ എംഎൻഎസ് രൂപീകരിച്ചതായിരുന്നു ഇരുവർക്കും ഇടയിൽ അകൽച്ചയുണ്ടാക്കിയത്

20 വർഷത്തിന് ശേഷം രാജ് താക്കറെയുടെ വീട്ടിലെത്തി ഉദ്ദവ് താക്കറെ; രാഷ്ട്രീയ ആകാംക്ഷയിൽ മഹാരാഷ്ട്ര
dot image

മുംബൈ: മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവനും ബന്ധുവുമായ രാജ് താക്കറെയുടെ വസതിയിലെത്തി ശിവസേന (യുബിടി) തലവൻ ഉദ്ദവ് താക്കറെ. ഇരുപത് വർഷത്തെ അകൽച്ച അവസാനിക്കുന്നു എന്ന സൂചനകൾ ശക്തമാക്കുന്നതാണ് ഉദ്ദവ് താക്കറെയുടെ സന്ദർശനം. കുടുംബസമേതമാണ് ഉദ്ദവ് താക്കറെ രാജ് താക്കറെയുടെ വസതിയിലെത്തിയത്. രാജ് താക്കറെയുടെ വസതിയായ ശിവതീർത്ഥത്തിൽ ​ഗണേശപൂജയ്ക്കായാണ് ഉദ്ദവ് താക്കറെ ഭാര്യ രശ്മിയ്ക്കും മക്കളായ ആദിത്യ, തേജസ് എന്നിവർക്കൊപ്പം എത്തിയത്. സന്ദർശനത്തിൻ്റെ ഫോട്ടോകളും ഇതിനകം ശ്രദ്ധേയമാണ്.

ഉദ്ദവ് താക്കറെ-രാജ് താക്കറെ ബന്ധം ഊഷ്മളമാകുന്നത് കൗതുകത്തോടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. 2026ന്റെ തുടക്കത്തിൽ നടക്കാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരിത്തപ്പെടുന്നത്.

2005ലാണ് രാജ് താക്കറെ-ഉദ്ദവ് താക്കറെ ബന്ധത്തിൽ വിള്ളൽ വീണത്. ശിവസേനയിൽ നിന്ന് പിരിഞ്ഞ് പോയി രാജ് താക്കറെ എംഎൻഎസ് രൂപീകരിച്ചതായിരുന്നു ഇരുവർക്കും ഇടയിൽ അകൽച്ചയുണ്ടാക്കിയത്. അടുത്തിടെ ഇരുവരും ഒരുമിച്ച് കണ്ടത് നേരത്തെ വാർത്തയായിരുന്നു. സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജൂലൈ മാസത്തിൽ വോർലിയിൽ നടന്ന പരിപാടിയിൽ ഇവർ ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. ശക്തമായ നിലപാടായിരുന്നു ഈ വിഷയത്തിൽ ഇരുവരും ഉയർത്തിയത്. ഇതിന് പിന്നാലെ സർക്കാർ ഈ നീക്കം ഉപേക്ഷിച്ചിരുന്നു.

“മഹാരാഷ്ട്ര ഏതൊരു രാഷ്ട്രീയത്തേക്കാളും പോരാട്ടത്തേക്കാളും വലുതാണ്. 20 വർഷത്തിനുശേഷം, ഉദ്ദവും ഞാനും ഒന്നിച്ചു. ബാലാസാഹെബിന് ചെയ്യാൻ കഴിയാത്തത് ദേവേന്ദ്ര ഫഡ്‌നാവിസ് ചെയ്തു. ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ജോലി എന്നായിരുന്നു രാജ് താക്കറെ ഈ ചടങ്ങിൽ പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് നിൽക്കാൻ ഒരുമിച്ചിരിക്കുന്നു എന്നായിരുന്നു ഉദ്ദവ് താക്കറെയുടെ പ്രതികരണം.

പിന്നാലെ ഉദ്ദവിൻ്റെ ജന്മദിനത്തിൽ രാജ് താക്കറെ അദ്ദേഹത്തിന്റെ വസതിയായ 'മാതോശ്രീ' സന്ദർശിച്ചിരുന്നു. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഛായാചിത്രത്തിന് മുന്നിൽ നിന്ന് ഫോട്ടോയ്ക്കായി ഇരുവരും പോസ് ചെയ്തിരുന്നു. ഇരുവർക്കുമിടയിലെ തർക്കങ്ങൾ അവസാനിച്ചുവെന്ന സൂചനയായാണ് ഈ കൂടിക്കാഴ്ചകൾ അവസാനിച്ചത്.

Content Highlights: Uddhav Thackeray visits cousin Raj Thackeray's house for Ganesh puja after over two decades

dot image
To advertise here,contact us
dot image