
പട്‌ന: ബിഹാറിലെ പുതുക്കിയ വോട്ടര്‍ പട്ടികയില്‍ വ്യാപക കള്ളവോട്ടുകള്‍. മൂന്ന് മണ്ഡലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ 80,000ത്തിലധികം കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന് വെളിപ്പെടുത്തല്‍. ഇല്ലാത്ത മേല്‍വിലാസത്തിലാണ് ആയിരക്കണക്കിന് വോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ റിപ്പോര്‍ട്ടര്‍ കളക്ടീവിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്.
പിപ്ര, ബാഗ, മോട്ടിഹാര്‍ നിയമസഭാ മണ്ഡലങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. പിപ്ര മണ്ഡലത്തിലെ ഗലിംപൂര്‍ വില്ലേജില്‍ ഒരു മേല്‍വിലാസത്തില്‍ വ്യത്യസ്ത മതക്കാരും ജാതിക്കാരുമൊക്കെയായി 509 വോട്ടുകള്‍ പുതുതായി ചേര്‍ത്തു. എന്നാല്‍ അങ്ങനെയൊരു മേല്‍വിലാസമേ ഇല്ല എന്നാണ് റിപ്പോര്‍ട്ടര്‍ കളക്ടീവിന്റെ കണ്ടെത്തല്‍.
ഇതേ വില്ലേജില്‍ ഇല്ലാത്ത വീടിന്റെ പേരില്‍ 459 വോട്ടുകള്‍ ചേര്‍ത്ത സംഭവവും ഉണ്ട്. പിപ്ര, ബാഗ, മോട്ടിഹാര്‍ മണ്ഡലങ്ങളിലായി 20 മുതല്‍ മുകളിലോട്ട് കള്ള വോട്ടുകള്‍ ചേര്‍ത്ത 3,590 കേസുകളെങ്കിലും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടര്‍ കളക്ടീവ് പറയുന്നത്. പിപ്ര മണ്ഡലത്തിലെ 320, 319, 459, 509 വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 39, നാല് എന്നീ വീട്ടുനമ്പര്‍ വെച്ചാണ്. ബിഹാറിലെ അനധികൃത വോട്ടര്‍മാരായി കണ്ടെത്തിയ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു എന്ന് പറയുന്ന പുതിയ വോട്ടര്‍ പട്ടികയിലാണ് കള്ളവോട്ടെന്ന് സംശയിക്കാവുന്ന ഈ തെളിവുകള്‍ പുറത്തുവരുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ 80,000 വോട്ടുകളെന്ന് പറയുമ്പോള്‍ 243 നിയമസഭാ മണ്ഡലങ്ങളുളള ബിഹാറില്‍ ചുരുങ്ങിയത് 60,000 വോട്ടുകളെങ്കിലും ഇത്തരത്തില്‍ ചേര്‍ത്തിരിക്കാമെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണ്.
Content Highlights- ECI registered 80,000 voters on fake and wrong addresses in three constituencies in bihar