ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ ഭാഗമായി ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭയം;കൊൽക്കത്തയിൽ വയോധികൻ ജീവനൊടുക്കി

ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്നും ഭാര്യ വ്യക്തമാക്കി

dot image

കൊൽക്കത്ത : ‌ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിലേക്ക്

നാടുകടത്തപ്പെടുമെന്ന് ഭയന്ന് കൊൽക്കത്തയിൽ വയോധികൻ ജീവനൊടുക്കി. ദിലീപ് കുമാർ സാഹയാണ് (63) മരിച്ചത്. കൊൽക്കത്തയിലെ വീട്ടിൽ വെച്ച് തൂങ്ങിമരിക്കുകയായിരുന്നു.

ഭാര്യ പലതവണ വാതിലിൽ തട്ടി വിളിച്ചെങ്കിലും മുറിയിൽനിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. അതിനെ തുടർന്ന് സമീപത്തെ വീട്ടിൽ നിന്ന് ഭാര്യ മരുമകളെ വിളിക്കുകയായിരുന്നു. മരുമകളെത്തി വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ദിലീപ് കുമാറിനെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

കുറച്ചുനാളായി അദ്ദേഹം കടുത്ത സമ്മർദത്തിലായിരുന്നുവെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയ ശേഷം ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭർത്താവ് ഭയപ്പെട്ടിരുന്നതായി ദിലീപ് കുമാറിൻ്റെ ഭാര്യ ആരതി സാഹ പറഞ്ഞു. കുട്ടിക്കാലത്ത് കൊൽക്കത്തയിൽ എത്തിയതായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്നും ഭാര്യ വ്യക്തമാക്കി.

ധാക്കയിലെ നവാബ്ഗഞ്ചിൽ നിന്ന് 1972 ൽ കൊൽക്കത്തയിൽ എത്തിയതാണ് ദിലീപ്. തെക്കൻ കൊൽക്കത്തയിലെ ധകുരിയയിലെ സ്വകാര്യ സ്കൂളിൽ അനധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ദിലീപ് കുമാർ. ദിലീപ് കുമാറിന്റെ വീട്ടിലെത്തിയ വൈദ്യുതി മന്ത്രിയും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ അരൂപ് ബിശ്വാസ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുമെന്ന ഭയമായിരുന്നു ദിലീപ് കുമാറിനെന്ന് അരൂപ് ബിശ്വാസ് പറഞ്ഞു. പൗരത്വ രജിസ്റ്റർ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ മനോഭാവത്തിന്റെ പ്രതീകമാണെന്നും അതിന്റെ ഫലമാണ് ഇപ്പോൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : fear of deportation to Bangladesh based on the National Register of Citizens; An elderly man committed suicide in Kolkata

dot image
To advertise here,contact us
dot image