കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപി- ആര്‍എസ്എസ് ആള്‍ക്കൂട്ട വിചാരണ:ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രാഹുല്‍ ഗാന്ധി

കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും ഈ അനീതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു'വെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

dot image

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയും രംഗത്ത്. കന്യാസ്ത്രീകളെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് നീതീകരിക്കാനാകില്ലെന്നും അത് ബിജെപി-ആര്‍എസ്എസ് ആള്‍ക്കൂട്ട വിചാരണയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'കന്യാസ്ത്രീകളുടെ അറസ്റ്റ് ഈ ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വ്യവസ്ഥാപിതമായ രീതിയില്‍ പീഡിപ്പിക്കുന്നത് എന്നത് വ്യക്തമാക്കുന്നു. അറസ്റ്റിനെതിരെ യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും ഈ അനീതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു'- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുളള നടപടി ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കുമേലുളള കടന്നാക്രമണമാണ് എന്നാണ് പ്രിയങ്കാ ഗാന്ധി എംപി പറഞ്ഞത്. ബിജെപി ഭരണത്തില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും വര്‍ഗീയതയ്ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

'ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ സിസ്റ്റര്‍മാരായ വന്ദനയെയും പ്രീതിയെയും അറസ്റ്റ് ചെയ്തതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുളള അറസ്റ്റ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുനേരെയുളള ഗുരുതരമായ ആക്രമണമാണ്. ഇതൊരു ഒറ്റപ്പെട്ട കേസല്ല. ബിജെപി ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണ്. വര്‍ഗീയതയ്ക്ക് നിയമവാഴ്ച്ചയില്‍ സ്ഥാനമില്ല. നിയമവാഴ്ച്ച നിലനില്‍ക്കണം'- പ്രിയങ്കാ ഗാന്ധി എക്‌സില്‍ കുറിച്ചു.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.

Content Highlights: Rahul gandhi against kerala nun's arrest in chhattisgarh

dot image
To advertise here,contact us
dot image