കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും നിര്‍ത്തിവെച്ചു

ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

dot image

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു. നേരത്തെ 12 മണിവരെ നിര്‍ത്തിവെച്ചിരുന്ന സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷ ബഹളം കാരണം നടപടി ക്രമങ്ങൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച ആരംഭിക്കാൻ പോകുകയാണ് സ്പീക്കർ അറിയിച്ചെങ്കിലും മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച ആവശ്യമുണ്ടെങ്കിൽ പ്രതിപക്ഷം സീറ്റുകളിലേയ്ക്ക് മടങ്ങണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതിന് പിന്നാലെ ഒരു മണിവരെ സഭ നിർത്തിവെയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

ചോദ്യോത്തരവേളയില്‍ സഭയില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു. തുടര്‍ച്ചയായി പ്രതിപക്ഷ ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് രാജ്യം കാണുന്നുണ്ടെന്നും ചോദ്യോത്തര വേള നടക്കരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് രാജ്യത്തിന് അറിയണമെന്നും സ്പീക്കര്‍ ഓം ബിര്‍ള നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 12 വരെ സ്പീക്കർ നേരത്തെ സഭ നിര്‍ത്തിവെച്ചത്.

ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇരുസഭകളിലും പ്രതിഷേധം. നേരത്തെ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. കേരളത്തിലെ എംപിമാര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ ഇരുസഭകളും തള്ളുകയായിരുന്നു.

'നിങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ചയാഗ്രഹിക്കുന്നില്ലേ? നിങ്ങള്‍ തന്നെയാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. പിന്നെ എന്തുകൊണ്ടാണ് സഭ തടസ്സപ്പെടുത്തുന്നത്. ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ചോദ്യോത്തരവേള. ചോദ്യോത്തര വേള നടക്കരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് രാജ്യത്തിന് അറിയണം. പദ്ധതിയിട്ടതുപോലെ നിങ്ങള്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?, സ്പീക്കര്‍ ചോദിച്ചു.

സഭ പുനഃരാരംഭിക്കുമ്പോൾ ഇരുസഭകളിലും ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ചയാരംഭിക്കാനായിരിക്കും സ്പീക്കറുടെ തീരുമാനം. ഇതിനോട് പ്രതിപക്ഷം എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരിക്കും ഓപ്പറേഷൻ സിന്ദൂറിൽ ചര്‍ച്ച തുടങ്ങുക. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നീക്കത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നും അമേരിക്കയുടെ മധ്യസ്ഥത ഉണ്ടായിരുന്നോ എന്നതില്‍ പ്രധാനമന്ത്രിയുടെ മറുപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ലോക്സഭയിലും രാജ്യസഭയിലും 16 മണിക്കൂര്‍ സമയമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്.

Content Highlights: opposition Rucks Lok Sabha and Rajya Sabha adjourned

dot image
To advertise here,contact us
dot image