
ന്യൂഡൽഹി: പാർലമെന്റിൽ ഇന്ന് ആരംഭിക്കുന്ന ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ നിന്ന് സ്വയം ഒഴിഞ്ഞ് ശശി തരൂർ എംപി. ലോക്സഭയിലെ ചർച്ചയിൽ സംസാരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തരുർ താൻ ഇല്ല എന്നറിയിച്ചത്. ഇന്ന് രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരിക്കും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ആരംഭിക്കുക. ചർച്ച നടക്കുന്ന സമയത്ത് സഭയിലുണ്ടാകണമെന്ന് കാണിച്ച് കോൺഗ്രസ് എല്ലാ എം പിമാർക്കും വിപ്പ് നൽകിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നീക്കത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നും അമേരിക്കയുടെ മധ്യസ്ഥത ഉണ്ടായിരുന്നോ എന്നതില്‍ പ്രധാനമന്ത്രിയുടെ മറുപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തിൻ്റെ ശക്തമായ ആവശ്യത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂര്‍ സമയമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, ഗൗരവ് ഗൊഗോയി എന്നിവർ ഇന്ന് സംസാരിക്കും. രാഹുൽ ഗാന്ധി നാളെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോയ സര്‍വ്വകക്ഷി സംഘത്തില്‍ അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ തലവനായിരുന്നു ശശി തരൂര്‍. ആ യാത്രയിലുടനീളം കോണ്‍ഗ്രസിന്റെ നിലപാടുകളെയും വാദങ്ങളെയും പരസ്യമായി തളളി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയായിരുന്നു ശശി തരൂരിന്റെ പ്രസംഗങ്ങളെല്ലാം. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന തരത്തില്‍ വരെ ശശി തരൂര്‍ മാറുന്ന സാഹചര്യമുണ്ടായി. ഇതോടെ തരൂര്‍ കേന്ദ്രസര്‍ക്കാരിനോടും ബിജെപിയോടും കൂടുതല്‍ അടുക്കുന്നുവെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നിരുന്നു.
Content Highlights: Tharoor told congress he wont be talking at parliament on operation sindoor