
ജയ്പൂർ: ഭാര്യയുടെ ആഡംബര ജീവിതത്താൽ പൊറുതിമുട്ടി മോഷണത്തിനിറങ്ങി യുവാവ്. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ യുവാവാണ് വിവാഹിതനായി ദിവസങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിച്ച് മോഷണത്തിലേക്ക് തിരിഞ്ഞത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പ്രതിയായ ജാംവരാംഗഡ് സ്വദേശി തരുൺ പരീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള പണം കണ്ടെത്താനായാണ് താൻ മോഷണത്തിനിറങ്ങിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
പ്രാഥമിക അന്വേഷണത്തിൽ ഭാര്യ പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി യുവാവിനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സമ്മർദ്ദത്തിന് വഴങ്ങിയ തരുൺ സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടീവ് ജോലി ഉപേക്ഷിച്ച് ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മോഷണത്തിന് ഇറങ്ങുകയായിരുന്നു.
ഒരുമാസം മുൻപായിരുന്നു തരുണിന്റെ വിവാഹം. വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം തന്റെ ജോലിയിൽനിന്ന് ലഭിച്ചിരുന്നില്ല. ഏറെ പണച്ചെലവുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഭാര്യ തരുണിനോട് പറഞ്ഞിരുന്നത്. ഇതോടെയാണ് ജോലിവിട്ടത്. പട്ടാപ്പകൽ ജയ്പൂരിലെ ട്രാൻസ്‌പോർട്ട് നഗർ മേഖലയിൽവെച്ച് വയോധികയുടെ മാലപൊട്ടിച്ച കേസിലാണ് പൊലീസ് തരുണിനെ അറസ്റ്റ് ചെയ്തത്.
ജയ്പൂരിലെത്തി മോഷണം നടത്തിയ ശേഷം തിരികെ ഗ്രാമത്തിലേക്ക് മടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. വയോധികയുടെ മാലപൊട്ടിച്ച കേസിൽ വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾ ജയ്പൂരിലേക്കും തിരിച്ചും യാത്രനടത്തുന്നുണ്ടെന്നും വ്യക്തമായി. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ഗ്രാമത്തിനും നഗരത്തിനുമിടയിലുള്ള തരുണിന്റെ നീക്കങ്ങൾ പൊലീസ് ട്രാക്ക് ചെയ്യുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. തരുൺ എത്ര കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്, മറ്റ് കൂട്ടാളികൾ ഉണ്ടോ എന്നതുൾപ്പെടെ അറിയാൻ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ഭാര്യക്ക് അറിയാമായിരുന്നോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
Content Highlights: Newlywed Rajasthan man becomes thief to meet wife's luxury needs