
കോഴിക്കോട്: പി കെ ഫിറോസ്- കെ ടി ജലീല്‍ തര്‍ക്കത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് രംഗത്ത്. മലയാളം സര്‍വകലാശാല വിവാദ ഭൂമി ഏറ്റെടുത്തത് തന്റെ കാലത്തല്ലെന്നാണ് പി കെ അബ്ദുറബ്ബിന്റെ വിശദീകരണം. ഇത്രയും വില കുറഞ്ഞ ഭൂമി ഉയര്‍ന്ന വിലയ്ക്ക് സര്‍ക്കാറിന് മറിച്ചുവിറ്റ വകയില്‍ കോടികളുടെ അഴിമതിയാണ് ആരോപിക്കപ്പെടുന്നതെന്നും യുഡിഎഫ് കാലത്താണെങ്കില്‍ എന്തുകൊണ്ട് പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ ആ അഴിമതി അന്വേഷിച്ചില്ല എന്നും അബ്ദുറബ്ബ് ചോദിച്ചു. ഖുര്‍ആന്‍ കൊണ്ടു വന്നു സത്യംചെയ്യാറുള്ള ജലീല്‍ എന്തുകൊണ്ട് ഇത്തവണ അത് ചെയ്തില്ലെന്നും അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.
പി കെ ഫിറോസ് റിവേഴ്സ് ഹവാലയാണ് നടത്തുന്നതെന്നതടക്കം ആരോപണങ്ങള്‍ കെടി ജലീല്‍ എംഎല്‍എ നേരത്തെ ഉന്നയിച്ചിരുന്നു. ഫിറോസ് പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെന്നും തിരുനാവായക്കാരനായ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു. പി കെ ഫിറോസിന് അത് നിഷേധിക്കാനാവില്ലെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നാവോ, കത്വ പെണ്‍കുട്ടികളുടെ പേരില്‍ പിരിച്ച തുകയും ദോത്തി ചാലഞ്ച് വഴി പിരിച്ച തുകയുമാണ് ഫിറോസ് ബിസിനസിനായി ഉപയോഗിച്ചതെന്നും ഫിറോസിന്റെ സ്ഥാപനം ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിന് രൂപ സര്‍ക്കാരിന്റെയും ബാങ്കിന്റെയും കണ്ണുവെട്ടിച്ച് ഗള്‍ഫിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ ബന്ധുനിയമനം കയ്യോടെ പിടികൂടിയതിലുള്ള അമര്‍ഷമാണ് ജലീലിനെന്നും ദാവൂദുമായി ബന്ധമുണ്ടെന്നേ ഇനി പറയാനുള്ളൂവെന്നുമായിരുന്നു ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രി ആയിരുന്ന ഘട്ടത്തിലെ അഴിമതി പുറത്ത് വരുന്നു എന്നറിഞ്ഞ വെപ്രാളത്തിലാണ് അദ്ദേഹം. തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ഭീതിയാണ്. മനോനില തെറ്റിയ നിലയിലാണ് അദ്ദേഹമുള്ളത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. താന്‍ തൊഴിലും ബിസിനസും ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. കൊപ്പത്തെയും ഹൈലൈറ്റ് മാളിലേയും സ്ഥാപനത്തില്‍ പങ്കാളിത്തം ഉണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനിയും ബിസിനസുകള്‍ ഉണ്ടെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.
Content Highlight; PK Abdu Rabb responds to PK Firos-KT Jaleel controversy