നാല് അൽ ഖ്വയ്ദ ഭീകരർ പിടിയിലെന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സേന

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നാല് പേരും പരസ്പരം പരിചയപ്പെട്ടതും അൽ ഖ്വയ്ദ ആശയങ്ങളിൽ ആകൃഷ്ടരായതും

dot image

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് നാല് അൽ ഖ്വയ്ദ ഭീകരരെ പിടികൂടിയെന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സേന. മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരെയാണ് പിടികൂടിയതെന്ന് ഭീകരവിരുദ്ധ സേന അറിയിച്ചത്.

വ്യാജ കറൻസി റാക്കറ്റിന്റെ മറവിലായിരുന്നു ഇവരുടെ പ്രവർത്തനമെന്നും സന്ദേശങ്ങൾ കൈമാറാൻ നൂതന സംവിധാനങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും ഗുജറാത്ത് ഭീകര വിരുദ്ധ സേന പറഞ്ഞു. പരസ്പരമുള്ള സന്ദേശങ്ങൾ പുറത്തുപോകാതിരിക്കാൻ ഓട്ടോ - ഡിലീറ്റ് ആപ്ലിക്കേഷനുകൾ ഇവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിലുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നാല് പേരും പരസ്പരം പരിചയപ്പെട്ടതും അൽ ഖ്വയ്ദ ആശയങ്ങളിൽ ആകൃഷ്ടരായതും. സംസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്ന സമയത്താണ് ഇവർ പിടിയിലായതെന്നും ഭീകരവിരുദ്ധ സേന അറിയിച്ചു.

പിടിയിലായ മുഹമ്മദ് ഫർദീന്റെ വസതിയിൽ നിന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ജിഹാദിലൂടെ തിരിച്ചടി നൽകണമെന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും ഒരു വാളും കണ്ടെടുത്തതായും ഭീകരവിരുദ്ധ സേന പറയുന്നുണ്ട്. യുവാക്കളെ അൽ ഖ്വയ്ദ ആശയങ്ങളിലേക്ക് അടുപ്പിക്കുന്ന നിരവധി എഴുത്തുകൾ ഇവരുടെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായിരുന്നതായും സേന പറയുന്നു.

Content Highlights: Four Al-Qaeda terrorists arrested by Gujarat ATS

dot image
To advertise here,contact us
dot image