
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരായ 'ശിവലിംഗത്തിലിരിക്കുന്ന തേള്‍' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ടക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി. കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളില്‍ സമയം ചെലവഴിക്കേണ്ടതുണ്ട് എന്നാണ് സുപ്രീംകോടതി പറഞ്ഞത്. 2018-ല്‍ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുടെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
'ഈ വിഷയത്തില്‍ എന്താണ് ഉളളത്? കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നിങ്ങള്‍ വലിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. എന്തിനാണ് കോടതിയെ ബുദ്ധിമുട്ടിക്കുന്നത് '- പരാതിക്കാരന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കല്‍ അടുത്ത ആഴ്ച്ചയിലേക്ക് മാറ്റി.
2018 നവംബറില്‍ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളിനോട് ഉപമിച്ചുവെന്നും പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുകയും ചെയ്തുവെന്നും ആരോപിച്ചാണ് ബബ്ബാര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2023 ഒക്ടോബറില്‍ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് തരൂര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കോടതിയിലെ തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
'ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതുകൊണ്ട് കൈ ഉപയോഗിച്ച് എടുത്തുകളയാന്‍ കഴിയില്ല. അതേസമയം, ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല'-എന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.
Content Highlights: Supreme court about shashi tharoor's Scorpion sitting on shivling remark against narendra modi