
പട്‌ന: ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി ബിഹാറിലെ ബിജെപി നേതാക്കള്‍. നിതീഷ് കുമാര്‍ ഉപരാഷ്ട്രപതിയായാല്‍ അത് ബിഹാറിന് അഭിമാനമുളള കാര്യമാണെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ പറഞ്ഞു. ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ് ജെഡിയു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെയാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. 'ഒന്നും എന്റെ കൈകളിലല്ല, എങ്കിലും നിതീഷ് ജി ഉപരാഷ്ട്രപതിയായാല്‍ അത് ബിഹാറിന് അഭിമാന നിമിഷമായിരിക്കും. അദ്ദേഹത്തിന് ദീര്‍ഘകാല ഭരണ റെക്കോര്‍ഡുണ്ട്. -ഹരിഭൂഷണ്‍ താക്കൂര്‍ പറഞ്ഞു.
'അദ്ദേഹം രാഷ്ട്രപതിയായാല്‍ എന്താണ് പ്രശ്‌നം? അത് ശരിക്കും നല്ല തീരുമാനമായിരിക്കും' ബിജെപി മന്ത്രി നീരജ് കുമാര്‍ സിംഗ് ബബ്ലു പറഞ്ഞു. ബിഹാറില്‍ നിന്നുളള ഒരാള്‍ ഉപരാഷ്ട്രപതിയായാല്‍ സന്തോഷമായിരിക്കുമെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നുമാണ് മന്ത്രി പ്രേം കുമാര്‍ പറഞ്ഞത്.
അതേസമയം, നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ജെഡിയു നേതാക്കള്‍ വ്യക്തമാക്കി. 'ഇതൊക്കെ വെറും കിംവദന്തികള്‍ മാത്രമാണ്. നിതീഷ് കുമാറിന് ഒരേയൊരു സ്വപ്‌നമേയുളളു. ബിഹാറിലെ ജനങ്ങളെ സേവിക്കുകയും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് അത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. എന്‍ഡിഎ സഖ്യം 225 സീറ്റുകളും നേടും. ബിജെപി നേതാക്കള്‍ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ബിഹാറിലെ ജനങ്ങള്‍ക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ല'- ജെഡിയു നേതാവും മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങളാണ് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതെന്നും അതില്‍ രാഷ്ട്രീയം കാണരുതെന്നും ബിഹാര്‍ ജെഡിയു അധ്യക്ഷന്‍ ഉമേഷ് കുശ്‌വാഹ പറഞ്ഞു. 'നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ബിഹാറിലെ ജനങ്ങള്‍ '2025-ല്‍ വീണ്ടും നിതീഷ്' എന്ന മുദ്രാവാക്യം ഉയര്‍ത്തികഴിഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. അദ്ദേഹം വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയാകും'- കുശ്‌വാഹ കൂട്ടിച്ചേര്‍ത്തു.
Content Highlights:Bihar BJP leaders bat for nitish kumar as jagdeep dhankhar successor in vice president post