
ന്യൂഡൽഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു സഖാവ് വി എസ് അച്യുതാനന്ദനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വി എസിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷകനായിരുന്നു അദ്ദേഹം. പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളില്‍ ആശയാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഖാക്കള്‍ക്കും അനുയായികള്‍ക്കും അനുശോചനം.'- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും രംഗത്തെത്തിയിരുന്നു. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി വി എസ് സമര്‍പ്പിച്ചുവെന്നും തങ്ങള്‍ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ഇടപെടലുകള്‍ ഓര്‍ക്കുകയാണെന്നുമാണ് നരേന്ദ്രമോദി പറഞ്ഞത്. ദീര്‍ഘകാല പൊതുജീവിതത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തയാളാണ് വി എസെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. വി എസിന്റെ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.
ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌റിവാളും വി എസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. പൊതുജീവിതത്തിനും ജനക്ഷേമത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നുമാണ് അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞത്. ഇന്ന് വൈകുന്നേരം 3.20 ഓടെയാണ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Content Highlights: VS was a leader who tirelessly raised his voice for justice and democracy': Rahul Gandhi