നിയമസഭയ്ക്കുള്ളിൽ റമ്മി കളി; മഹാരാഷ്ട്ര മന്ത്രിക്കെതിരെ രൂക്ഷ വിമർശനം

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി

dot image

മുംബൈ: നിയമസഭയ്ക്കുള്ളിൽ മൊബൈൽ ഫോണിൽ റമ്മി കളിച്ച മഹാരാഷ്ട്ര മന്ത്രിക്കെതിരെ രൂക്ഷ വിമർശനം. മഹാരാഷ്ട്ര കൃഷി മന്ത്രി മണിക്റാവു കൊക്കാട്ടെയാണ് നിയമസഭയ്ക്കുള്ളിൽ റമ്മി കളിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. എൻസിപി എംഎൽഎ രോഹിത് പവാറാണ് എക്‌സിലൂടെ വീഡിയോ പങ്കിട്ടത്.

ശരദ് പവാർ വിഭാഗത്തിലെ എംഎൽഎയാണ് രോഹിത് പവാർ. മന്ത്രിക്ക് മറ്റ് ജോലിയൊന്നും ഇല്ലാത്തതിനാലാണ് റമ്മി കളിക്കാൻ സമയം കിട്ടുന്നതെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് രോഹിത് പവാർ ആരോപിച്ചത്. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ ബിജെപിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും എക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമാണ് ഉൾപ്പെടുന്നത്.

"ബിജെപിയുമായി കൂടിയാലോചിക്കാതെ ഭരണകക്ഷിയായ എൻസിപി വിഭാഗത്തിന് പ്രവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നതും സംസ്ഥാനത്ത് ദിവസവും ശരാശരി എട്ട് കർഷകരെങ്കിലും ആത്മഹത്യ ചെയ്യുന്നതും. എന്നാൽ, ജോലിയില്ലാത്ത കൃഷിമന്ത്രിക്ക് റമ്മി കളിക്കാൻ സമയമുണ്ടെന്ന് തോന്നുന്നു," രോഹിത് പോസ്റ്റിൽ എഴുതി.

അതേസമയം വിവാദത്തിൽ മന്ത്രി പ്രതികരണവുമായി രംഗത്തെത്തി. താൻ റമ്മി കളിച്ചില്ലെന്നും സർക്കാരിനെ താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നുമായിരുന്നു കൊക്കാട്ടെയുടെ പ്രതികരണം. തന്റെ സഹപ്രവർത്തകരിൽ ആരെങ്കിലും ഡൗൺലോഡ് ചെയ്‌തതാകുമെന്നും അദ്ദേഹം പറഞ്ഞു. "എന്റെ സഹപ്രവർത്തകരിൽ ആരെങ്കിലും റമ്മി ഡൗൺലോഡ് ചെയ്‌തിട്ടുണ്ടാകും. ലോക്‌സഭയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ഞാൻ ശ്രമിക്കുകയായിരുന്നു. ഞാൻ റമ്മി കളിക്കുകയായിരുന്നില്ല. പ്രതിപക്ഷം സർക്കാരിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയാണ്," മന്ത്രി പറഞ്ഞു.

മന്ത്രിക്കെതിരെ സുപ്രിയ സുലെ എംപിയും രംഗത്തെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 750 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നും അപ്പോഴും മന്ത്രി ഗെയിം കളിക്കുകയാണെന്നുമായിരുന്നു സുപ്രിയ സുലെ പറഞ്ഞത്. മന്ത്രി രാജിവെയ്ക്കണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ മണിക്റാവുവിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സുപ്രിയ സുലെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Content Highlights: Viral video of Maharashtra minister playing ‘rummy’ in assembly sparks row

dot image
To advertise here,contact us
dot image