
നാഗ്പൂർ: ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവിട്ടതിനെത്തുടർന്ന് മാല മോഷ്ടിക്കാനിറങ്ങിയ 42-കാരൻ പിടിയിൽ. മങ്കപുരിലെ ഗണപതിനഗർ സ്വദേശിയായ കനയ്യ നാരായൺ ബൗരാഷിയാണ് അറസ്റ്റിലായത്. അടുത്തിടെ നടന്ന ഒരു കവർച്ച സംബന്ധിച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അഞ്ച് മോഷണ കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.
ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനചത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊഴിലില്ലായ്മയും സാമ്പത്തിക സമ്മർദ്ദവും ജീവനാംശം നൽകാനുള്ള ബുദ്ധിമുട്ടുമാണ് മോഷണത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 22ന് വൈകുന്നേരം ആറ് മണിയോടെയാണ് പ്രതിയെ കുടുക്കിയ മോഷണ ശ്രമം നടന്നത്. 74 കാരിയായ ജയശ്രീ ഗഡെ മനീഷ് നഗറിലെ തന്റെ വീടിനടുത്തുകൂടെ നടക്കുകയായിരുന്നു.
മോട്ടോർ സൈക്കിളിലെത്തിയ പ്രതി സ്വർണ്ണ മാല തട്ടിയെടുത്ത് കടന്നുകളഞ്ഞു. ബെൽറ്ററോഡി പൊലീസ് ബിഎൻഎസ് സെക്ഷൻ 392 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ബെൽറ്ററോഡിയിലും അജ്‌നി പൊലീസ് പരിധിയിലും നാല് തവണ മാല മോഷണം നടത്തിയതായി കനയ്യ സമ്മതിച്ചു. മോഷ്ടിച്ച സ്വർണ്ണത്തിൽ കുറച്ച് ഒരു പ്രാദേശിക ജ്വല്ലറിയിൽ വിറ്റതായും അയാൾ വെളിപ്പെടുത്തി.
Content Highlights: unemployed man takes to snatching chains to pay alimony