
ഗുവാഹത്തി: അനധികൃത സ്വത്ത് സമ്പാദനത്തിന് അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലന്‍സ് സെല്ലിലെ സംഘം ഉദ്യോഗസ്ഥ നൂപുര്‍ ബോറയുടെ ഗുവാഹത്തിയിലെ വസതിയില്‍ റെയ്ഡ് നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. റെയ്ഡില്‍ 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. ബാര്‍പേട്ടയിലെ വാടകവീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 ലക്ഷം രൂപയും കണ്ടെടുത്തു.
2019ലാണ് ഗോലാഘട്ട് സ്വദേശിയായ നുപുര്‍ ബോറ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്നത്. നിലവില്‍ കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയില്‍ സര്‍ക്കിള്‍ ഓഫീസറായി നിയമിതയായിരുന്നു.
വിവാദമായ ഭൂമി സംബന്ധമായ വിഷയങ്ങളില്‍ പങ്കുണ്ടെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഇവര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ബാര്‍പേട്ട റവന്യൂ സര്‍ക്കിളില്‍ നിയമിതയായപ്പോള്‍ ഭൂമി സംശയാസ്പദമായ വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്തു. ഞങ്ങള്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍പേട്ടയിലെ റവന്യൂ സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന, അവരുടെ സഹായിയെന്ന് ആരോപിക്കപ്പെടുന്ന ലാത് മണ്ഡല്‍ സുരജിത് ദേകയുടെ വസതിയിലും പ്രത്യേക വിജിലന്‍സ് സെല്‍ റെയ്ഡ് നടത്തി. നൂപുര്‍ ബോറ സര്‍ക്കിള്‍ ഓഫീസറായിരുന്നപ്പോള്‍ അവരുമായി സഹകരിച്ച് ബാര്‍പേട്ടയിലുടനീളം ഒന്നിലധികം ഭൂമി സ്വത്തുക്കള്‍ സ്വന്തമാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
Content Highlights: Nupur Bora, 2019-batch ACS officer, arrested after vigilance raids seized cash and jewellery