നാരായണ മൂര്‍ത്തിയുടെ വാക്കുകളെ പരിഗണിക്കുകയേ ചെയ്യാതെ ഇന്‍ഫോസിസ്; കൂടുതല്‍ സമയം പണിയെടുക്കുകയേ വേണ്ട

ജോലി സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കാത്ത തരത്തിലാണ് എച്ച് ആര്‍ പോളിസി തയ്യാറാക്കിയിരിക്കുന്നത്.

നാരായണ മൂര്‍ത്തിയുടെ വാക്കുകളെ പരിഗണിക്കുകയേ ചെയ്യാതെ ഇന്‍ഫോസിസ്; കൂടുതല്‍ സമയം പണിയെടുക്കുകയേ വേണ്ട
dot image

ന്യൂഡല്‍ഹി: ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ വാക്കുകള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് പ്രായഭേദമന്യേ ഉയര്‍ന്നത്. ഇപ്പോള്‍ സാക്ഷാല്‍ ഇന്‍ഫോസിസ് തന്നെ നാരായണമൂര്‍ത്തിയുടെ വാക്കുകളെ പരിഗണിക്കുക പോലും ചെയ്യാതെ, കൂടുതല്‍ പണിയെടുക്കുകയേ വേണ്ട എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്‍ഫോസിസിന്റെ എച്ച് ആര്‍ പോളിസിയാണ് നാരായണമൂര്‍ത്തിയുടെ വാക്കുകളെ തള്ളിയതിലൂടെ ചര്‍ച്ചയാവുന്നത്. ജോലി സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കാത്ത തരത്തിലാണ് എച്ച് ആര്‍ പോളിസി തയ്യാറാക്കിയിരിക്കുന്നത്.

ജീവനക്കാര്‍ എത്ര സമയം ജോലി ചെയ്യുന്നു, പ്രത്യേകിച്ച് ഓഫീസിന് പുറത്ത് വീട്ടിലിരുന്നും മറ്റും എന്നത് നിരീക്ഷിക്കാന്‍ കമ്പനി ഒരു ഓട്ടോമേറ്റഡ് സംവിധാനം ഒരുക്കിയിരിക്കുകയാണ്. ദിവസവും ഒമ്പത് മണിക്കൂര്‍ 15 മിനുറ്റില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് എച്ച് ആര്‍ വിഭാഗത്തില്‍ നിന്ന് ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് ഔദ്യോഗിക മുന്നറിയിപ്പ് ലഭിക്കും.

ഓരോ മാസവും ഇങ്ങനെ അയക്കുന്ന ഈ അലേര്‍ട്ടുകളില്‍ ഓഫീസിന് പുറത്ത് ജോലി ചെയ്ത ദിവസങ്ങള്‍, ആകെ ജോലി ചെയ്ത മണിക്കൂറുകള്‍, ദൈനംദിന ശരാശരി എന്നിവയുടെ വിശദാംശങ്ങള്‍ ഉണ്ടാകും. ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലിതാതവസ്ഥ നിങ്ങളുടെ ക്ഷേമത്തിനും ദീര്‍ഘകാല പ്രൊഫഷണല്‍ വിജയത്തിനും നിര്‍ണായകമാണെന്ന് ഇന്‍ഫോസിസ് എച്ച് ആര്‍ വിഭാഗം അയച്ച ഇമെയിലില്‍ പറയുന്നു.

ജോലിഭാരവും സമയപരിധികളും ചിലപ്പോള്‍ കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇടയാക്കുമെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ തന്നെയും ഉത്പാദനക്ഷമതയും മൊത്തത്തിലുള്ള സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് സന്തുലിതമായ തൊഴില്‍-ജീവിത സാഹചര്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്നും ഇമെയിലില്‍ പറയുന്നു.

ജോലി സമയങ്ങളില്‍ കൃത്യമായ ഇടവേളകള്‍ എടുക്കുക, അമിതഭാരം തോന്നുകയാണെങ്കിലോ പിന്തുണ ആവശ്യമുണ്ടെങ്കിലോ മാനേജരെ അറിയിക്കുക, ചുമതലകള്‍ വിഭജിക്കുന്നതിനെക്കുറിച്ചോ ചില ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യുന്നതിനെക്കുറിച്ചോ മാനേജരുമായി സംസാരിക്കുക, ജോലി ഇല്ലാത്ത സമയങ്ങളില്‍ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സമയം കണ്ടെത്തുക, കഴിയുന്നത്രയും ജോലി സംബന്ധമായ ഇടപെടലുകള്‍ കുറയ്ക്കുക എന്നതാണ് അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഫോസിസ് നല്‍കുന്ന നിര്‍ദ്ദേശം. ജീവനക്കാര്‍ പ്രതിമാസം കുറഞ്ഞത് 10 ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യേണ്ട ഹൈബ്രിഡ് മോഡലിലാണ് ഇന്‍ഫോസിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Content Highlights: Infosys ignores Narayana Murthy's words

dot image
To advertise here,contact us
dot image