
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വിചിത്ര പ്രതികരണവുമായി ദേശീയ ഹൈവേ അതോറിറ്റി (എന്‍എച്ച്എഐ). 'ജോലിയൊന്നുമില്ലാതെ ആളുകളെന്തിനാണ് വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങുന്നത്' എന്ന് എന്‍എച്ച്എഐ കോടതിയില്‍ അറിയിച്ചതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍ഡോര്‍-ദേവസ് ഹൈവേയില്‍ 40 മണിക്കൂര്‍ നീണ്ടുനിന്ന ട്രാഫിക് ജാമില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എട്ട് കിലോമീറ്ററുകളോളം നീണ്ടുനിന്ന ട്രാഫിക്ക് ജാമില്‍ 4000ത്തിലധികം വാഹനങ്ങളാണുണ്ടായത്. കമാല്‍ പഞ്ചല്‍ (62), ബല്‍റാം പട്ടേല്‍ (55), സന്ദീപ് പട്ടേല്‍ (32) എന്നിവരാണ് ട്രാഫിക്കില്‍ ജാമില്‍പ്പെട്ട് മരിച്ചത്. വാഹനം ട്രാഫിക്കില്‍പ്പെട്ടതിന് ശേഷം ഹൃദയാഘാതം വന്നതിന് പിന്നാലെയാണ് കമാല്‍ മരിക്കുന്നത്.
എന്‍എച്ച്‌ഐയുടെ വിചിത്ര പ്രതികരണങ്ങള്‍ക്കെതിരെ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതികരിച്ചു. കാരണമില്ലാതെ തെരുവില്‍ ചുറ്റാന്‍ ആര്‍ക്കും സമയമില്ലെന്ന് കമാലിന്റെ ബന്ധു സുമിത് പട്ടേല്‍ പറഞ്ഞു. തന്റെ അങ്കിളിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും എന്‍എച്ച്‌ഐ ഉദ്യോഗസ്ഥരാരെങ്കിലുമാണ് ഇങ്ങനെ കുടുങ്ങിയതെങ്കില്‍ തങ്ങളുടെ ബുദ്ധിമുട്ട് മനസിലായേനെയെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക്ക് ജാമില്‍ കുടുങ്ങിയ അഭിഭാഷകനായ ആനന്ദ് അധികാരി മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു എന്‍എച്ച്എഐയുടെ പ്രതികരണം. മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് വിവേക് റഷ്യ, ബിനോദ് കുമാര്‍ ദ്വിവേദി എന്നിവരാണ് കേസ് പരിഗണിച്ചത്. എന്‍എച്ച്എഐയുടെ ഡല്‍ഹിയിലെയും ഇന്‍ഡോറിലെയും ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ്, ഇന്‍ഡോര്‍ കളക്ടര്‍, ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍, റോഡ് നിര്‍മാണ കമ്പനി, ഇന്‍ഡോര്‍ ദേവസ് ടോള്‍വേ ലിമിറ്റഡ് എന്നിവരെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു.
കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ഹൈവേയില്‍ നിന്ന് വഴിതിരിച്ചുവിടുന്ന റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നുവെന്നും എന്നാല്‍ ഈ റോഡ് ഇപ്പോഴും പണി പൂര്‍ത്തിയാക്കാതെ ഇട്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനും 10 ദിവസം മാത്രം നീണ്ടുനിന്ന ക്രഷര്‍ യൂണിറ്റ് സമരത്തെ കുറ്റപ്പെടുത്തുകയായിരുന്നു എന്‍എച്ച്‌ഐ. എന്‍എച്ച്എഐയുടെ വാദങ്ങളൊന്നും വിലക്കെടുക്കാത്ത കോടതി ജൂലൈ ഏഴിന് അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പായി എല്ലാ കക്ഷികളോടും റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
Content Highlights: NHAI s strange claim about three people dying in traffic block in MP