
ബെംഗളൂരു: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതേതരത്വം, സോഷ്യലിസം പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുടെ വിവാദ പരാമര്‍ശത്തില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് കര്‍ണ്ണാടക ലീഗല്‍ സെല്‍. ലീഗല്‍ സെല്‍ ചെയര്മാന് ശ്രീധറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശേഷാദ്രിപുരം പൊലീസില്‍ പരാതി നല്‍കിയത്. ഭരണഘടനയുടെ മൂല്യങ്ങള്‍ പൊതുമധ്യത്തില്‍ കാര്‍ന്നുതിന്നുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന കൃത്യമായ സന്ദേശം നല്‍കണം. ഭരണഘടന തത്വങ്ങളെ അവഹേളിക്കുന്നവരെ നിയമനടപടിക്ക് വിധേയമാക്കണമെന്നും കത്തില്‍ പറയുന്നു.
അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെ പറഞ്ഞത്. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ദത്താത്രേയ ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകിക്കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നുമായിരുന്നു പറഞ്ഞത്.
ഇതിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തുവന്നിരുന്നു. ഈ രണ്ട് വാക്കുകളും ഇന്ത്യന്‍ നാഗരികതയ്ക്ക് എതിരാണ് എന്നും മതേതരത്വം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നുമാണ് ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഈ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.
Content Highlights: Indian Youth Congress Lodges Complaint Against Dattatreya Hosabale