ക്യാബിനടുത്ത് ബാഗ് വെയ്ക്കണമെന്ന് വനിതാ ഡോക്ടറുടെ വാശി; പറ്റില്ലെന്ന് ജീവനക്കാർ, വിമാനം തകർക്കുമെന്ന് ഭീഷണി

ഇവർ കാരണം രണ്ടുമണിക്കൂറാണ് വിമാനം വൈകിയത്

dot image

ബെംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ ഡോക്ടർ കസ്റ്റഡിയിൽ. വ്യാസ് ഹിരാൽ മോഹൻഭായി എന്ന 36 കാരിയെയാണ് ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

ഇവർ കാരണം രണ്ടുമണിക്കൂറാണ് വിമാനം വൈകിയത്. ബെംഗളൂരുവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. തന്റെ ബാഗ് വെച്ചിടത്തുനിന്ന് മാറ്റിയാൽ വിവരമറിയുമെന്നും വിമാനം തകർക്കുമെന്നുമായിരുന്നു ഡോക്ടറുടെ ഭീഷണി. ഒടുവിൽ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ ഇവർ അവിടെ കണ്ട ആളുകളെ അസഭ്യം പറയുകയും ചെയ്തു. യെലഹങ്ക സ്വദേശിനായ ആയുർവേദ ഡോക്ടറാണ് വ്യാസ്.

ഇവർ രണ്ട് ബാഗുകളുമായാണ് യാത്രയ്ക്ക് എത്തിയത്. ചെക്ക് ഇൻ കൗണ്ടറിൽ ഇവ നൽകാതെ രണ്ട് ബാഗുകളും കൈയിൽ തന്നെ പിടിച്ച് ഇവർ വിമാനത്തിൽ കയറുകയായിരുന്നു. ശേഷം ഒരു ബാഗ് തന്റെ സീറ്റിന് മുകളിലുള്ള കാരിയറിൽ വെച്ചു. രണ്ടാമത്തെ ബാഗ് ഇവർ ക്യാബിൻ ക്രൂവിന്റെ ക്യാബിന്റെ അടുത്ത് കൊണ്ടുവെയ്ക്കുകയായിരുന്നു. ബാഗ് ഇവിടെ വെയ്ക്കാനാവില്ലെന്നും സീറ്റിന് മുകളിലുള്ള കാരിയറിൽ തന്നെ വെയ്ക്കണമെന്നും ജീവനക്കാർ പറഞ്ഞെങ്കിലും യുവതി സമ്മതിച്ചില്ല.

ജീവനക്കാരുടെ ക്യാബിന് സമീപത്തുതന്നെ ബാഗ് വെയ്ക്കണമെന്നായിരുന്നു സ്ത്രീയുടെ ആവശ്യം. പലതവണ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും ഇവർ കേട്ടില്ല. ഇതോടെ ക്യാപ്റ്റൻ യുവതിയെ സമീപിച്ച് അഭ്യർത്ഥിച്ചു. എന്നാൽ ഇതൊന്നും കേൾക്കാതെ ഇവർ ജീവനക്കാരെ അസഭ്യം പറഞ്ഞു. യാത്രക്കാർ പ്രശ്നത്തിൽ ഇടപെട്ടതോടെ യുവതി തെറിവിളി തുടങ്ങി. തന്റെ ബാഗ് അവിടെ നിന്ന് നീക്കിയാൽ വിമാനം തകർക്കുമെന്നും യുവതി പറഞ്ഞു. പ്രശ്നം വഷളായതോടെ ജീവനക്കാർ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിച്ചു.

പിന്നാലെയാണ് ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയത്. സ്ത്രീയുടെ പെരുമാറ്റം ബാക്കിയുള്ള യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351 (4), 353 (1) (ബി), സിവിൽ ഏവിയേഷൻ സുരക്ഷാ നിയമത്തിലെ സെക്ഷൻ 3(1) (എ) എന്നിവ പ്രകാരമാണ് സ്ത്രീക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Content Highlights: Bengaluru Doctor Warns Crew After Fight Over Bag Space

dot image
To advertise here,contact us
dot image