വിക്ടറി പരേഡ് നടത്താൻ സമ്മര്‍ദം ചെലുത്തി; സിദ്ധാരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുറത്ത്, കൂടുതൽ നടപടികൾ

വിധാന്‍ സൗധയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലും രണ്ട് പരിപാടികളാണ് ഗോവിന്ദരാജ് നിര്‍ദേശിച്ചത്

വിക്ടറി പരേഡ് നടത്താൻ സമ്മര്‍ദം ചെലുത്തി; സിദ്ധാരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുറത്ത്, കൂടുതൽ നടപടികൾ
dot image

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരുവിന്റെ വിജയാഘോഷത്തിനിടയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ കടുിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കുകയും രഹസ്യാന്വേഷണ വിഭാഗം മേധാവി ഹേമന്ത് നിംബാല്‍ക്കറെ സ്ഥലം മാറ്റുകയും ചെയ്തു. വിജയാഘോഷത്തിന് ആദ്യം അനുമതി നല്‍കിയിരുന്നില്ലായിരുന്നുവെന്നും ഇത് നടത്താനായി ഗോവിന്ദരാജാണ് സമ്മര്‍ദം ചെലുത്തിയതെന്നും കാട്ടിയാണ് പുറത്താക്കല്‍. വിധാന്‍ സൗധയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലും രണ്ട് പരിപാടികളാണ് ഗോവിന്ദരാജ് നിര്‍ദേശിച്ചത്. അതേ സമയം, ദുരന്തത്തെ പറ്റി കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് രഹസ്യാനേഷ്വണ വിഭാഗം മേധാവിക്കെതിരായ നടപടി.

നേരത്തെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസിപി, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍-ചാര്‍ജ്, അഡീഷണല്‍ പൊലീസ് കമ്മീഷണര്‍, പൊലീസ് കമ്മീഷണര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി'കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ആദ്യമായി ഐപിഎല്‍ ചാമ്പ്യന്മാരായ ആര്‍സിബിയുടെ വിക്ടറി പരേഡില്‍ പങ്കെടുക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിയ 11 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

Content Highlights- Pressured to hold Victory Parade; Siddaramaiah's political secretary out, further action to be taken

dot image
To advertise here,contact us
dot image