'നരേന്ദര്‍ സറണ്ടര്‍' ട്രംപിന്റെ പ്രശസ്തമായ തൊപ്പിയിലും; ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്

ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ തള്ളിയിരുന്നു.

'നരേന്ദര്‍ സറണ്ടര്‍' ട്രംപിന്റെ പ്രശസ്തമായ തൊപ്പിയിലും; ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്
dot image

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനെ തുടര്‍ന്നാണ് പാകിസ്താനെതിരായ ആക്രമണം അവസാനിപ്പിച്ചതെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. 'നരേന്ദര്‍ സറണ്ടര്‍' എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ട്രംപിന്റെ പ്രശസ്തമായ തൊപ്പിയില്‍ പതിച്ച തരത്തിലുള്ള ചിത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ ആക്രമണം. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്ന ട്രംപിന്റെ വാക്കുകള്‍ പതിച്ചതാണ് പ്രശസ്തമായ തൊപ്പി. ആ തൊപ്പിയിലാണ് രാഹുല്‍ പറഞ്ഞത് വഴി ശ്രദ്ധേയമായ 'നരേന്ദര്‍ സറണ്ടര്‍' എന്ന കോണ്‍ഗ്രസ് പതിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.'ട്രംപ് അവിടെ നിന്ന് ഒരു സൂചന നല്‍കി. ട്രംപ് അദ്ദേഹത്തിന്റെ ഫോണെടുത്ത് 'മോദിജീ എന്താണ് നിങ്ങള്‍ ചെയ്യുന്നത്? നരേന്ദ്രാ.. കീഴടങ്ങൂ' എന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദി അനുസരിച്ചു', രാഹുല്‍ ഗാന്ധി പറഞ്ഞു. ചെറിയ സമ്മര്‍ദം വന്നാല്‍ പോലും ബിജെപിയും ആര്‍എസ്എസും കീഴടങ്ങുകയും പേടിച്ചോടുകയും ചെയ്യും. സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ മാപ്പ് എഴുതുന്നത് അവരുടെ രീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 1971ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അമേരിക്കയുടെ ഭീഷണി വകവെയ്ക്കാതെ പാകിസ്താനെ തോല്‍പ്പിച്ചതിനെ കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.

'ഒരു ഫോണ്‍ കോള്‍ ഇല്ലാതിരുന്ന കാലത്തെ കുറിച്ച് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. 1971ലെ യുദ്ധത്തില്‍ ആയുധങ്ങളും എയര്‍ക്രാഫ്റ്റുകളും വന്നു. എന്നാല്‍ ഇന്ദിരാ ഗാന്ധി തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്ന് പറഞ്ഞു. ഇതാണ് വ്യത്യാസം. ഇത് അവരുടെ സ്വഭാവമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി കീഴടങ്ങില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു.

മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയവരൊന്നും കീഴടങ്ങിയവരല്ലെന്നും മഹാശക്തികള്‍ക്കെതിരെ പോരാട്ടം നടത്തിയവരാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ തള്ളിയിരുന്നു.

Content Highlights: Congress includes Trump's red MAGA cap in fresh jibe at PM

dot image
To advertise here,contact us
dot image