'രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി'; പാനമയിൽ മോദിയെ പുകഴ്ത്തി ശശി തരൂർ

ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായിയെന്നും ശശി തരൂര്‍

dot image

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നല്‍കിയെന്ന് ശശി തരൂര്‍ എംപി. ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയൂ എന്നാണ് ഭീകരര്‍ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായി എന്നും എം പി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഗ്ലോബല്‍ ഔട്ട്‌റീച്ച് മിഷന് നേതൃത്വം നല്‍കി പ്രതിനിധി സംഘത്തിനൊപ്പം പാനമയിലെത്തിയപ്പോഴാണ് തരൂരിന്റെ പ്രതികരണം.

പാനമ അസംബ്ലി പ്രസിഡന്റ് ഡാന കസ്റ്റനെഡ ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളവരാണെങ്കിലും രാജ്യ താല്‍പര്യത്തിന് വേണ്ടി ഒരുമിച്ച് നിന്നെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ പാകിസ്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുമെന്ന് കാത്തിരുന്നതിന് ശേഷമാണ് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Shashi Tharoor and team at Panama
ശശി തരൂരും സംഘവും പനാമയിൽ

'ഒരു യുദ്ധം ആരംഭിക്കാന്‍ നമുക്ക് താല്‍പര്യമുണ്ടായിരുന്നില്ല, എന്നാല്‍ ഒരു ഭീകരപ്രവര്‍ത്തനം ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങള്‍ക്ക് തോന്നി', ശശി തരൂര്‍ പറഞ്ഞു. ഭീകരവാദികളെ തിരിച്ചറിയുന്നതിനും വിചാരണ ചെയ്യുന്നതിനും പാനമ ഇന്ത്യയെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥന ചെയ്തു. വേദനയും മുറിവുകളും നഷ്ടങ്ങളും സഹിക്കുന്നത് സ്വീകാര്യമല്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

1989ലെ കശ്മീരിലെ ആദ്യ ആക്രമണം മുതല്‍ സാധാരണക്കാര്‍ ഇരകളായ നിരവധി ആക്രമണങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ വില നല്‍കേണ്ടി വരുമെന്ന് തീവ്രവാദികള്‍ തിരിച്ചറിഞ്ഞുവെന്ന് ശശി തരൂര്‍ പറഞ്ഞു. '2015ലെ ഉറി ആക്രമണത്തിലാണ് ഇന്ത്യ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തി രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) മറികടന്നത്. അതുവരെ എല്‍ഒസി കടന്നിരുന്നില്ല. കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും അത് ചെയ്തിരുന്നില്ല. ഉറിയില്‍ അത് ചെയ്തു. ഇത്തവണ നമ്മള്‍ എല്‍ഒസി മാത്രമല്ല, അന്താരാഷ്ട്ര അതിര്‍ത്തിയും മറി കടന്നു. ബലാകോട്ടിലെ തീവ്രവാദികളുടെ കേന്ദ്രവും അക്രമിച്ചു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിച്ചു', ശശി തരൂര്‍ പറഞ്ഞു.

തരൂരിനൊപ്പം എംപിമാരായ സറഫറാസ് അഹ്‌മദ്, ജിഎം ഹരീഷ് ബാലയോഗി, ശശാങ്ക് മണി ത്രിപതി, തേജസ്വി സൂര്യ, ഭുബനേശ്വര്‍ കലിത, മല്ലികാര്‍ജുന്‍ ദേവ്ദ, മിലിന്‍ഡ് ദിയോറ, മുന്‍ യുഎസ് അംബാസഡര്‍ തരഞ്ജിത് സിങ് സന്ദു എന്നിവരുടെ സംഘമാണ് പനാമ സന്ദര്‍ശിച്ചത്.

Content Highlights: Shashi Tharoor praised Narendra Modi in Panama for Operation Sindoor

dot image
To advertise here,contact us
dot image