1947ൽ തന്നെ ഭീകരവാദത്തെ ഒതുക്കണമായിരുന്നു, പട്ടേലിൻ്റെ ഉപദേശത്തെ അവഗണിച്ചു: നെഹ്‌റുവിനെ ലക്ഷ്യമിട്ട് മോദി

നെഹ്റുവിൻ്റെ ചരമ വാർഷിക ദിനത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന

dot image

അഹമ്മദാബാദ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ ഉന്നംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ അടിച്ചമർത്താൻ 1947ലെ സർക്കാർ ശ്രമിച്ചില്ലെന്നും പട്ടേലിന്റെ ഉപദേശം അന്നത്തെ കോൺഗ്രസ് സർക്കാർ അവഗണിച്ചെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം.

വിഭജനത്തിന് ശേഷമുള്ള ആദ്യത്തെ രാത്രി തന്നെ കശ്മീരിൽ ഭീകരാക്രമണം ഉണ്ടായി. അന്ന് തൊട്ട് ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ കയ്യടക്കിയിരിക്കുകയാണ്. അന്ന് തന്നെ ഭീകരതയെ സർക്കാർ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നു. ഇപ്പോൾ ആ ഭീകരവാദത്തിന്റെ ഏറ്റവും മോശമായ രൂപമാണ് നമ്മൾ അനുഭവിക്കുന്നത്. പാക് അധിനിവേശ കാശ്മീർ സൈന്യം പിടിച്ചെടുക്കണമെന്ന് സർദാർ വല്ലഭായി പട്ടേൽ ആഗ്രഹിച്ചെങ്കിലും അന്നത്തെ സർക്കാർ അത് അവഗണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. നെഹ്റുവിൻ്റെ ചരമ വാർഷിക ദിനത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന.

നേരിട്ടുള്ള യുദ്ധത്തിൽ വിജയിക്കില്ലെന്ന് ബോധ്യമുള്ളതിനാലാണ് പാകിസ്താൻ വർഷങ്ങളായി നിഴൽ യുദ്ധം നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയുടെ തിരിച്ചടിയിൽ എല്ലാം ക്യാമറയിൽ പതിഞ്ഞതിനാൽ ആരും തെളിവ് ചോദിക്കുന്നില്ല. ഇന്ത്യയ്ക്ക് സമാധാനം ആണ് വേണ്ടത് എന്നാൽ പ്രകോപിച്ചാൽ നമ്മൾ മിണ്ടാതിരിക്കില്ല എന്നും മോദി പറഞ്ഞു.

Content Highlights: Modi aims Nehru on Terrorism, Sardar Valabhai Patel and Pakistan

dot image
To advertise here,contact us
dot image