
ഭുവനേശ്വർ: ഒഡീഷയിൽ അഴിമതി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നാട്ടുകാരുടെ മർദനം. ഒഡീഷയിലെ ബൊലാംഗീർ എന്ന ഗ്രാമത്തിലെ സംരക്ഷണഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെയാണ് നാട്ടുകാർ ചേർന്ന് മർദിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
പൊതുജന മധ്യത്തിൽ കെട്ടിയിട്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പുറമേ അദ്ദേഹത്തിന്റെ മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും നാട്ടുകാർ തട്ടിയെടുത്തു. മാധ്യമപ്രവർത്തകനെ ആക്രമിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ മാധ്യമപ്രവർത്തകന്റെ മുഖത്ത് നാട്ടുകാരിലൊരാൾ ചവിട്ടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പ്രദേശവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനാഷ് ദലൈ, ആദിത്യ ജെന, ഗുമാര നായക് എന്നിവരേയും പ്രായപൂർത്തിയാകാത്ത ആളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതിനിടെ സംരക്ഷണഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടറുടെ പങ്കിനെക്കുറിച്ച് സംശയിക്കുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ അഭിലാഷ് ജി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കോണ്‍ട്രാക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Content Highlights:Journalist beaten up by locals for reporting corruption