
ന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ കേന്ദ്രസർക്കാറിന്റെ ധനകാര്യനയങ്ങളെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 2047ഓടെ വികസിത ഭാരതമെന്ന സ്വപ്നം ലക്ഷ്യം കാണണമെങ്കിൽ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ സഹകരിച്ച് പോകണമെന്നായിരുന്നു സ്റ്റാലിന്റെ വിമർശനം. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന നീതി ആയോഗ് യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തന്റെ സംസ്ഥാനത്തിന്റെ വികസന മുന്നേറ്റങ്ങൾ എടുത്തുകാണിക്കുകയും കേന്ദ്രത്തിന്റെ ധനനയങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കുകയും ചെയ്ത സ്റ്റാലിൻ 2047 ഓടെ വികസിത് ഭാരത് എന്നതിലേക്കുള്ള യാത്രയിൽ സഹകരണ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. തമിഴ്‌നാട് സ്ഥിരമായി 8%-ത്തിലധികം സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 9.69%-ൽ എത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 2030 ആകുമ്പോഴേക്കും ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യവും അദ്ദേഹം ആവർത്തിച്ചു.
ലക്ഷ്യം പൂർത്തീകരിക്കാൻ വലിയ സംഭാവന തമിഴ്നാട് സർക്കാർ ചെയ്യുന്നുണ്ട്. എന്നാൽ, കണക്കുകൾ കൊണ്ട് മാത്രം കാര്യമില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ഇത് യാഥാർഥ്യമാകണമെങ്കിൽ കോ-ഓപ്പറേറ്റീവ് ഫെഡറലിസമുണ്ടാകണം. ഒരു തരത്തിലുമുള്ള വിവേചനവുമില്ലാതെ എല്ലാ സർക്കാറുകളേയും തുല്യമായി പരിഗണിക്കണം. എന്നാൽ മാത്രമേ ലക്ഷ്യം പൂർത്തീകരിക്കാനാവൂവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. തമിഴ്നാടിന് നൽകാനുള്ള 2,200 കോടി രൂപയാണ് തടഞ്ഞുവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാറിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സമഗ്ര ശിക്ഷാ അഭിയാൻ (എസ്എസ്എ) പ്രകാരമുള്ള ഫണ്ട് തടഞ്ഞുവയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി ശ്രീകൃഷ്ണ ആർമി പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ധാരണാപത്രത്തിൽ ഒപ്പിടാൻ തമിഴ്‌നാട് വിസമ്മതിച്ചതിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
"2024–2025 വർഷത്തേക്ക് തമിഴ്‌നാടിന് കേന്ദ്ര ഫണ്ടിൽ നിന്ന് ഏകദേശം 2,200 കോടി രൂപ നിഷേധിക്കപ്പെട്ടു. ഇത് സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പഠിക്കുന്നവരുടെയും വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നു," അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 50% ആയി വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും സ്റ്റാലിൽ കൂട്ടിച്ചേർത്തു.
Content Highlights: M K Stalin urged Narendra Modi to uphold principles of cooperative federalism in Viksit Bharat