
ന്യൂഡല്‍ഹി: പുതിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ മിസൈല്‍ പരീക്ഷണം നടക്കുക. പരീക്ഷണത്തിന്റെ ഭാഗമായി 2 ദിവസം ആന്‍ഡമാനിലെ വ്യോമമേഖല അടച്ചിടും. ഇന്നും നാളെയുമാണ് 3 മണിക്കൂര്‍ വീതം വ്യോമാതിര്‍ത്തി അടച്ചിടുക. ഒരു സിവിലിയന്‍ വിമാനവും ഈ സമയത്ത് നിര്‍ദിഷ്ട വ്യോമാതിര്‍ത്തിക്കപ്പുറമുളള ഉയരത്തില്‍ പോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുറ്റുമുളള ഏകദേശം 500 കിലോമീറ്റര്‍ പരിധിയില്‍ മെയ് 23-നും 24-നും രാവിലെ ഏഴുമണിക്കും പത്തുമണിക്കും ഉളളിലായിരിക്കും പരീക്ഷണം നടക്കുക.
ഈ സമയത്ത് ഒന്‍പത് അന്താരാഷ്ട്ര വിമാന റൂട്ടുകള്‍ അടച്ചിടും. എന്നാല്‍ ഏത് മിസൈലാകും പരീക്ഷിക്കുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയില്‍ ഇതാദ്യമായല്ല മിസൈല്‍ പരീക്ഷണം നടക്കുന്നത്. 2025 ജനുവരിയില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ സാല്‍വാ മോഡല്‍ ഇവിടെ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു എയര്‍ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ നാല്‍പ്പതിനായിരം കോടി രൂപയുടെ ആയുധം വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സായുധസേനകള്‍ക്കുളള അടിയന്തര ആയുധ സംഭരണ അധികാരം വഴിയാണ് ഡ്രോണുകളുള്‍പ്പെടെയുളള ആയുധങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. കാമിക്കാസെ ഡ്രോണുകള്‍, നിരീക്ഷണ ഡ്രോണുകള്‍, പീരങ്കി ഷെല്ലുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ദീര്‍ഘദൂര സ്മാര്‍ട്ട് വെപ്പണുകള്‍, വിവിധ റോക്കറ്റുകള്‍, മിസൈലുകള്‍ എന്നിവയാണ് ഇന്ത്യ വാങ്ങുക.
Content Highlights: India prepares for new missile test; Andaman airspace to be closedContent Highlights: