'സ്റ്റാലിൻ്റേത് 'സോറി മാ' സർക്കാർ' ; ശിവഗംഗ കസ്റ്റഡി മരണ പ്രതിഷേധത്തിനിടയിൽ പരിഹാസവുമായി വിജയ്

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസും പ്രതിഷേധത്തില്‍ വിജയ് ചര്‍ച്ചയാക്കി

dot image

ചെന്നൈ: സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാര്‍ 'സോറി മാ' സര്‍ക്കാരാണെന്ന് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. തമിഴ്‌നാട് ശിവഗംഗയിലെ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി നടത്തിയ പ്രതിഷേധത്തിലായിരുന്നു വിജയുടെ പരിഹാസം. അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസും പ്രതിഷേധത്തില്‍ വിജയ് ചര്‍ച്ചയാക്കി. അജിത് കുമാറിന്റെ കുടുംബത്തിന് സഹായം നല്‍കിയത് പോലെ മുന്‍പ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച 24 കുടുംബങ്ങള്‍ക്ക് സ്റ്റാലിന്‍ എന്ത് നല്‍കിയെന്ന് വിജയ് ചോദിച്ചു.

'എത്ര പൊലീസ് അതിക്രമങ്ങള്‍ നിങ്ങളുടെ ഭരണത്തില്‍ നടന്നു? അജിത് കുമാറിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഡിഎംകെ ഭരണത്തില്‍ ഇതുവരെ 24 പേരാണ് പൊലീസ് ലോക്കപ്പില്‍ മരിച്ചത്. 24 കുടുംബങ്ങളോടും നിങ്ങള്‍ ക്ഷമ ചോദിക്കണം. അതുപോലെ, 24 കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. മുന്‍പ് കസ്റ്റഡി മരണത്തിന് ഇരയായ ജയരാജിന്റെയും ബെന്നിക്‌സിന്റെയും കേസ് സിബിഐക്ക് കൈമാറിയപ്പോള്‍ പൊലീസിന് നാണക്കേടാണെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന താങ്കള്‍ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ നിങ്ങളും അത് തന്നെയാണ് ചെയ്തിരിക്കുന്നത് ' ; വിജയ് വിമര്‍ശനം ഉയര്‍ത്തി.

ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിനാണെന്നും സ്റ്റാലിന് മുഖ്യമന്ത്രി സ്ഥാനം എന്തിനാണെന്നും വിജയ് ചോദിച്ചു. മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ഉത്തരം ക്ഷമിക്കണം എന്നതാണെന്നും വിജയ് പരിഹസിച്ചു. പ്രശ്‌നങ്ങളില്‍ ടിവികെ ജനങ്ങളോടൊപ്പം നില്‍ക്കുമെന്നും ആവശ്യമായ എല്ലാ പ്രതിഷേധങ്ങളും ടിവികെ ഏറ്റെടുക്കുമെന്നും വിജയ് കൂട്ടിചേര്‍ത്തു. പ്രതിഷേധാര്‍ത്ഥം കറുത്തവസ്ത്രം ധരിച്ചായിരുന്നു വിജയ് പരിപാടിയില്‍ പങ്കെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച 24 പേരുടെ കുടുംബാംഗങ്ങളും വിജയ്ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

Content Highlights- 'Stalin's 'Sorry Ma' government'; Vijay mocks Stalin in between the Sivaganga custodial death protest

dot image
To advertise here,contact us
dot image