പാക് ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായി റിപ്പോർട്ട്; സന്ദേശം കൈമാറിയത് എൻക്രിപ്റ്റഡ് രൂപത്തിൽ

ഡാനിഷ് എന്ന പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായിട്ടായിരുന്നു ബന്ധമെന്നും 2023ലാണ് ഇവർ ആദ്യം പരിചയപ്പെടുന്നതെന്നും റിപ്പോർട്ട്

dot image

ന്യൂ ഡൽഹി: പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര സമ്മതിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താൻ ഹെെക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജ്യോതി മൽഹോത്ര ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ് ഹരിയാനയിൽ നിന്ന് യൂട്യൂബർ ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്തത്.

പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ ആവശ്യത്തിനായി ഹൈക്കമ്മീഷന്‍ ഓഫീസില്‍ 2023 ല്‍ എത്തിയപ്പോഴാണ് ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ ജ്യോതി മൊഴി നൽകിയതായാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡാനിഷ്.

പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ ഡാനിഷിന്റെ പരിചയക്കാരനായ അലി ഹസ്സനെ പരിചയപ്പെട്ടെന്നും അയാള്‍ വഴിയാണ് താമസവും യാത്രയും തരപ്പെടുത്തിയതെന്നും ജ്യോതി ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. പാക്കിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെന്ന് കരുതപ്പെടുന്ന ഷാക്കിര്‍, റാണ എന്നിവരെ അലി ഹസ്സന്‍ പരിചയപ്പെടുത്തിയെന്നും ജ്യോതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിതായാണ് റിപ്പോർട്ട്.

ഷാക്കിറിന്റെ ഫോണ്‍ നമ്പര്‍ ജാട്ട് രധാവ എന്ന പേരിലാണ് ഫോണില്‍ സേവ് ചെയ്തതെന്നും സംശയത്തിന് ഇടവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ജ്യോതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷവും പാകിസ്താനി ഇന്റലിജന്റ് ഏജന്റുമായി ബന്ധം സ്ഥാപിച്ചിരുന്നുവെന്നും വാട്‌സാപ്പ്, സസ്‌നാപ് ചാറ്റ്, ടെലട്രാം ആപ്പുകള്‍ വഴി എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളാണ് കൈമാറിയതെന്നും ജ്യോതി ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജ്യോതി മൽഹോത്ര അടക്കം ആറുപേരെയാണ് പൊലീസ് ചാരപ്രവൃത്തിക്ക് അറസ്റ്റ് ചെയ്തിരിക്കുന്നത്. 'ട്രാവൽ വിത്ത് ജോ" എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. ജ്യോതി മൽഹോത്ര പഹൽഗാം ആക്രമണത്തിന് മുൻപ് നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായി കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താൻ ഇന്റലിജൻസ് ജ്യോതിയെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങൾ കൈമാറി കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ജ്യോതി ചൈനയിലടക്കം യാത്ര ചെയ്തത് എന്തിന് എന്നതും വരുമാനത്തിന്റെ സ്രോതസും പൊലീസിന്റെ അന്വേഷണപരിധിയിലാണ്.

Content Highlights: Jyothi malhothra admits she was in touch with pak officials

dot image
To advertise here,contact us
dot image