
കിടപ്പുമുറിയിൽ ചെടികൾ വളർത്തുന്നതിന്റെ ഗുണത്തെയും ദോഷത്തെയും പറ്റി വാദിക്കുന്ന ആളുകൾ ഇന്നും നമ്മുടെ ഇടയിലുണ്ട്. അകത്ത് വളർത്താവുന്ന ചെടികൾ ഇന്ന് സുലഭമാണ്. ആളുകൾ ലിവിങ് റൂമിൽ, ഡൈനിങ് റൂമിൽ എന്ന് തുടങ്ങി അടുക്കളയിലടക്കം ഒരു ചെടിവയ്ക്കാൻ സ്ഥലം തപ്പുന്നു. എന്നാൽ കിടപ്പുമുറിയിൽ ചെടികൾ വയ്ക്കുന്നതിന് ചില ഗുണങ്ങളുണ്ടെന്ന് വ്യക്തമാക്കുകയാണ് പഠനങ്ങൾ. എന്തൊക്കെയാണ് കിടപ്പുമുറിയിൽ ഒരു ചെടിയുള്ളതിന്റെ ഗുണങ്ങൾ എന്ന് നോക്കാം.
മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നു. കിടപ്പുമുറി പലപ്പോഴും അടഞ്ഞ് കിടക്കുന്ന സ്ഥലമാണല്ലോ, എന്നാൽ മുറിക്കുള്ളിലെ വായുവിനെ ശുദ്ധീകരിക്കാൻ ചെടികൾ സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചെടികൾ പ്രകാശസംശ്ലേഷണ സമയത്ത് കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുകയും, ഓക്സിജൻ പുറന്തള്ളുകയും ചെയ്യുമല്ലോ. പീസ് ലില്ലി, സ്നേക്ക് പ്ലാന്റ് എന്നീ ചെടികൾ മുറിക്കകത്ത് വളർത്തുന്നത് ഗുണകരമാണ്.
ചെടികൾ വളർത്തുന്നത് മാനസിക ഉല്ലാസത്തിന് കാരണമാകാറുണ്ട്. നമ്മൾ വളർത്തിയ ചെടി വളരുന്നതും അതിൽ പൂക്കളുണ്ടാകുന്നതും സന്തോഷം തരുന്ന കാര്യമാണല്ലോ. ഈ വിധത്തിൽ ചെടികൾ വളർത്തുന്നത് ഒരു പോസിറ്റീവ് എനർജി നൽകുന്നു. കൂടാതെ ചെടികളുടെ പച്ചപ്പ് മുറിയിൽ നിറഞ്ഞ് നിൽക്കുന്നതിലൂടെ സമാധാന അന്തരീക്ഷം എന്ന പ്രതീതി ലഭിക്കുന്നു.
മുറിക്കുള്ളിൽ അടങ്ങിയിരിക്കുന്ന ഫോർമൽഡിഹൈഡ്, ബെൻസീൻ, അമോണിയ തുടങ്ങിയ വിഷവാതകങ്ങളെ ഇല്ലാതാക്കാൻ ചെടികൾ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ചെടികൾ വളർത്തുമ്പോൾ ഉറക്കം ശരിയായി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ ചെടി വളർത്തൽ സഹായിക്കുന്നു, ഇതിലൂടെ മികച്ച ഉറക്കം ലഭിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. ലാവണ്ടർ, മുല്ല തുടങ്ങിയ സുഗന്ധം പരത്തുന്ന ചെടികളാണ് ഇക്കാര്യത്തിന് മികച്ചത് എന്നാണ് പഠനങ്ങൾ.
മുറിക്കുള്ളിലെ ഈർപ്പം നിലനിർത്തി ചൂടിനെ കുറയ്ക്കാൻ ചെടികൾ സഹായിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. മുറിക്കുള്ളിലെ ഈർപ്പം നിലനിൽക്കുന്നതിലൂടെ മുറിയുടെ പോസിറ്റിവിറ്റി വർധിക്കുന്നു. സ്പൈഡർ പ്ലാന്റ്, ബോസ്റ്റൺ ഫേൺ തുടങ്ങിയ ചെടികളാണ് ഈർപ്പം നിലനിർത്തുന്നതിന് വളർത്താൻ ഏറ്റവും നല്ലത്.
Content Highlight; Why You Should Keep a Plant in Your Bedroom