
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ വിമർശിച്ച ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്തിനെ തിരുത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഇന്ത്യയുടെ ആഗോള ഇടപെടലിനായുള്ള ശ്രമങ്ങളിലേയ്ക്ക് പ്രാദേശിക രാഷ്ട്രീയം കൊണ്ടുവരരുതെന്ന് ശരത് പവാര്‍ സഞ്ജയ് റാവത്തിനെ ഉപദേശിച്ചു. ബാരാമതിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ പാര്‍ട്ടി തലത്തിലുളള പ്രാദേശിക രാഷ്ട്രീയം ഒഴിവാക്കണം. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും തുടര്‍ന്ന് പാകിസ്താൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും ഇതിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും രാജ്യത്തിന്റെ നിലപാട് അവതരിപ്പിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘം രൂപീകരിച്ചിട്ടുരുന്നു. പ്രതിനിധി സംഘത്തില്‍ സഞ്ജയ് റാവത്തിന്റെ പാര്‍ട്ടിയിലെ ഒരു നേതാവും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രാദേശിക രാഷ്ട്രീയം ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്' എന്നും ശരത് പവാര്‍ പ്രതികരിച്ചു.
ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു ഐക്യരാഷ്ട്ര സഭയിലേക്ക് അയച്ച പ്രതിനിധി സംഘത്തില്‍ താന്‍ അംഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാവികാസ് അഘാടി സഖ്യത്തിലെ അംഗങ്ങളാണ് സഞ്ജയ് റാവത്ത് ഉള്‍പ്പെട്ട ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം)യും ശരത് പവാറിന്റെ നേതൃത്വത്തിലുളള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)യും.
പ്രതിനിധി സംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതിനെ വിവാഹത്തിന് വരന്‍ ഘോഷയാത്രയായി വരുന്നതിനോടാണ് സഞ്ജയ് റാവത്ത് ഉപമിച്ചത്. ' ഈ ഘോഷയാത്രയുടെ ഒരു ആവശ്യവുമില്ല. പ്രധാനമന്ത്രി ദുര്‍ബലനാണ്. ഇക്കാര്യത്തില്‍ തിടുക്കം കാണിക്കേണ്ടിയിരുന്നില്ല. ബിജെപി ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുന്നത് അവരുടെ ശീലമാണ്. ഇന്ത്യാ സഖ്യം വിദേശത്തേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നതിനെ ബഹിഷ്‌കരിക്കുകയാണ് വേണ്ടത്'-എന്നാണ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
Content Highlights: Dont bring local politics into global outreach sharad pawar to sanjay raut