തുടർച്ചയായി പ്രകോപനം, നുണപ്രചാരണം; പാകിസ്താനെതിരെ ശക്തമായ തിരിച്ചടി നൽകിയെന്ന് വിദേശകാര്യമന്ത്രാലയം

'വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ പ്രകോപനം സൃഷ്ടിക്കുന്നത്'

dot image

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിശദീകരിച്ച് പ്രതിരോധ-വിദേശകാര്യമന്ത്രാലയം. പാകിസ്താന്‍ തുടരെ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ പ്രകോപനം സൃഷ്ടിക്കുന്നത്. ജനവാസ കേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്നും സോഫിയ ഖുറേഷി പറഞ്ഞു.

അതിര്‍ത്തി മേഖലകളില്‍ ഇരുപത്തിയാറ് ഇടങ്ങളില്‍ ആക്രമണം ഉണ്ടായതായും സോഫിയ ഖുറേഷി വിശദീകരിച്ചു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണം നടന്നു. ദീര്‍ഘദൂര മിസൈലുകളും ഡ്രോണും ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നത്. പഞ്ചാബ് എയര്‍ബേസില്‍ ഉപയോഗിച്ചത് ഫത്താ മിസൈല്‍ ആണ്. യാത്രാവിമാനങ്ങളെ മറയാക്കി പാക് ആക്രമണം തുടരുകയാണ്. പുലര്‍ച്ചെ 1.40 ന് വ്യോമത്താവളം ആക്രമിക്കാന്‍ ശ്രമം നടന്നു. പാകിസ്താന്റെ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പ്രതിരോധത്തിനൊപ്പം ശക്തമായ തിരിച്ചടിയും സൈന്യം നല്‍കുന്നുണ്ടെന്നും സോഫിയ ഖുറേഷി വിശദീകരിച്ചു.

പാകിസ്താന്‍ തുടര്‍ച്ചയായി നുണ പ്രചാരണം നടത്തുകയാണെന്ന് വിങ് കമാന്‍ഡര്‍ വ്യോമികാ സിങ് പറഞ്ഞു. ഇന്ത്യയുടെ എസ്-400 സിസ്റ്റത്തിന് കേടുപാടുകള്‍ വരുത്തിയതായാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് വ്യാജപ്രചാരണമാണെന്ന് വ്യോമികാ സിങ് പറഞ്ഞു.

നിയന്ത്രണമേഖലയില്‍ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളിലും ഷെല്ലിങ്ങിലും സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. കുപ്‌വാര, പൂഞ്ച്, ബാരാമുള്ള, രജൗരി, അഖ്‌നൂര്‍ സെക്ടറുകളില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. ഇതില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന് കനത്ത നാശനഷ്ടമുണ്ടായി. സംഘര്‍ഷം അടുത്ത തലത്തിലേയ്ക്ക് എത്തിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടില്ല. എന്നാല്‍ പാകിസ്താനില്‍ നിന്ന് ഇനിയും പ്രകോപനമുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യം സജ്ജമാണെന്നും വിക്രം മിസ്രി വ്യക്തമാക്കി.

Content Highlights- Vikram misri with sofia and vyomika met press for briefing operation sindoor

dot image
To advertise here,contact us
dot image