രജൗരിയില്‍ പാക് ആക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ഞെട്ടൽ അറിയിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥൻ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന് ഒമര്‍ അബ്ദുള്ള

dot image

ശ്രീനഗര്‍: രജൗരിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു.

ആക്രമണത്തിൽ ഞെട്ടിയെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഥാപ്പ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു, പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഥാപ്പയുടെ വീട് തകര്‍ന്നിരുന്നുവെന്നും ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു.

പാകിസ്താന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങാതെ വീട്ടില്‍ തന്നെ തുടരണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കിംവദന്തികള്‍ അവഗണിക്കണമെന്നും അടിസ്ഥാനരഹിതമോ സ്ഥിരീകരിക്കാത്തതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മള്‍ ഒരുമിച്ച് ഇത് മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ജമ്മുവിനടുത്തുള്ള ട്യൂബ്-ലോഞ്ച്ഡ് ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പാകിസ്താന്‍ പോസ്റ്റുകളും തീവ്രവാദ ലോഞ്ച് പാഡുകളും ഇന്ത്യന്‍ സൈന്യം നശിപ്പിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്താന്‍ നേരത്തെ ജമ്മുവില്‍ ആക്രമണം നടത്തിയിരുന്നു. ഷെല്ലാക്രമണത്തില്‍ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചതായി വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഫിറോസ്പൂരില്‍ നടന്ന മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയിലെ 32 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അധമ്പൂര്‍, അംബാല, അമൃത്സര്‍, അവന്തിപുരം, ബഠിന്‍ഡ, ഭൂജ്, ബിക്കാനെര്‍, ഹല്‍വാര, ചണ്ഡീഗഡ്, ഹിന്ദോണ്‍, ജയ്സാല്‍മര്‍, ജമ്മു, ജാംനഗര്‍, ജോധ്പൂര്‍, കാണ്ഡല, കന്‍ഗ്ര (ഗഗ്ഗല്‍), കേശോദ്, കിഷന്‍ഗഡ്, കുളു മണാലി (ഭുന്തര്‍), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്ദര്‍, രാജ്‌കോട്ട് (ഹിരസര്‍), സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലൈ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. മെയ് 9 മുതല്‍ മെയ് 14 വരെയാണ് വിമാനത്താവളങ്ങള്‍ അടച്ചിടുകയെന്നാണ് വിവരം.

Content Highlights- jammu and kashmir official killed as Pak shelling hits home in Rajouri

dot image
To advertise here,contact us
dot image