
ശ്രീനഗര്‍: ഇന്ത്യ പാക് വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള. വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുന്നുവെന്നും രണ്ടു ദിവസം മുന്‍പുതന്നെ വെടിനിര്‍ത്തലില്‍ ധാരണയായിരുന്നെങ്കില്‍ ജീവനുകള്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടാകില്ലായിരുന്നെന്നും ഒമര്‍ അബ്ദുളള പറഞ്ഞു. ആക്രമണത്തില്‍ ബാധിക്കപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ടത് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നാശനഷ്ടങ്ങളുടെ കണക്ക് അയക്കാന്‍ ജില്ലാ കളക്ടർമാർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഒമര്‍ അബ്ദുളള പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പാക് സൈനിക മേധാവി (ഡിജിഎംഒ) നമ്മുടെ സൈനിക മേധാവിയെ വിളിച്ചു. വെടിനിര്‍ത്തല്‍ നടപ്പിലാക്കി. എവിടെയെല്ലാം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ടത് ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭിക്കണം. ആക്രമണം മൂലമുണ്ടായ തീപ്പിടുത്തത്തില്‍ വളരെയധികം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം ആശ്വാസം ലഭിക്കണം. നാശനഷ്ടങ്ങളുടെ കണക്കുകള്‍ അയക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്'- ഒമര്‍ അബ്ദുളള പറഞ്ഞു. ദിവസങ്ങളായി അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെളളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സൈനിക നടപടികൾ നിർത്തിവെച്ചതായി വിക്രം മിസ്രി വാർത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.
അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന വിവരം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ സ്ഥിരീകരണം വരുന്നതിന് മുൻപ് തന്നെ അറിയിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വികം മിസ്രി വാർത്താ സമ്മേളനത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചു. തർക്കവിഷയങ്ങളിൽ ഇപ്പോൾ ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: omar abdullah welcomes ceasefire decision of india and pakistan