പരിശീലനം ലഭിച്ച പൈലറ്റ്, ഞാൻ രാജ്യത്തെ സേവിക്കാൻ തയ്യാർ; ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ്

'രാജ്യത്തിനുവേണ്ടി ജീവൻ നഷ്ടപ്പെട്ടാൽ അതെന്റെ ഭാഗ്യമായി കണക്കാക്കും'

dot image

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരവെ രാജ്യത്തെ സേവിക്കാൻ തയാറാണെന്ന് അറിയിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. താൻ പരിശീലനം ലഭിച്ച ഒരു പൈലറ്റാണെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ എപ്പോഴും രാജ്യത്തെ സേവിക്കാൻ തയ്യാറാണ്. ഞാൻ പൈലറ്റ് പരിശീലനം നേടിയിട്ടുണ്ട്. രാജ്യത്തിനുവേണ്ടി ജീവൻ നഷ്ടപ്പെട്ടാൽ അത് ഭാഗ്യമായി കണക്കാക്കും. ജയ് ഹിന്ദ്" തേജ് പ്രതാപ് യാദവ് പ്രതികരിച്ചു. പൈലറ്റ് യൂണിഫോമിലുള്ള ചിത്രവുംലൈസൻസിന്റെ പകർപ്പുകളും തേജ് പ്രതാപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു പിന്നാലെ ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാകിസ്താന് ശക്തമായ തിരിച്ചടിയാണ് രാജ്യം നൽകിയത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്. ഇസ്‌ലമാബാദിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനിക മേധാവി അസിം മുനീറിന്റേയും വസതിക്ക് സമീപം സ്‌ഫോടനം നടന്നതായാണ് റിപ്പോർട്ടുകൾ.

ഷെഹബാസ് ഷെരീഫിനെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ ജമ്മുവിൽ പാക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൻ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സമ്പൂർണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.

ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ രാജ്യത്ത് അതീവ ജാ​ഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് നടപടി. പാക് അതിർത്തിയോട് ചേർന്നവയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചു. ചിലത് മെയ് പത്ത് വരെയും മറ്റുള്ളവ അനിശ്ചിത കാലത്തേയ്ക്കുമാണ് അടച്ചത്. ചണ്ഡിഗഡ്, ശ്രീനഗർ, അമൃത്‌സർ, ലുധിയാന, ഭന്തർ, കിഷൻഗഡ്, പട്ട്യാല, ഷിംല. കൻഗ്ര-ഗഗ്ഗാൽ, ഭട്ടീന്ദ, ജയ്‌സാൽമർ, ജോദ്പുർ, ബിക്കാനെർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗർ, ഹിരാസർ (രാജ്‌കോട്ട്), പോർബന്ദർ, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട അഞ്ച് സർവീസുകളും എത്തിച്ചേരേണ്ട അഞ്ച് സർവീസുകളും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.

മുംബൈയ്ക്കുള്ള രണ്ട് സർവീസുകളും ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി. ബെംഗളൂരുവിൽ നിന്ന് ഉത്തരേന്ത്യൻ അതിർത്തി മേഖലകളിലേയ്ക്കുള്ള സർവീസുകൾ ഇന്നലെയും മുടങ്ങി. അമൃത്‌സർ, ചണ്ഡിഗഡ്, ശ്രീനഗർ തുടങ്ങിയ വിമാനത്താവളങ്ങളിലേയ്ക്കുൾപ്പെടെ 29 സർവീസുകൾ ബുധനാഴ്ച റദ്ദാക്കിയിരുന്നു.

Content Highlights: Tej Pratap Yadav says he is ready to serve the country

dot image
To advertise here,contact us
dot image