
ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണത്തെ ഇന്ത്യ നിര്‍വീര്യമാക്കിയ നടപടി വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും. പാകിസ്താന്‍ നിരവധി സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഇവയെല്ലാം തന്നെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യ നിര്‍വീര്യമാക്കിയെന്നും സൈനികര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.
അവന്തിപുര, ശ്രീനഗര്‍, ജമ്മു, പഠാന്‍കോട്ട്, അമൃത്സര്‍, കപുര്‍ത്തല, ജലന്ധര്‍, ലുഥിയാന, അദംപുര്‍, ഭട്ടിന്ത, ഛണ്ഡീഗഡ്, നല്‍, ഫലോദി, ഉത്തര്‍ലൈ, ഭുജ് തുടങ്ങിയ സൈനിക കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ ഇവ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് നിര്‍വീര്യമാക്കുകയായിരുന്നു. പാകിസ്താന്‍ ആക്രമമാണിതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.
'പാകിസ്താന്റെ അതേ തീവ്രതയോട് കൂടി ഇന്ത്യന്‍ സായുധ സേന പാകിസ്താനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യം വെച്ചു. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തു. ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദര്‍, രജൗരി എന്നീ മേഖലകളില്‍ മോര്‍ട്ടാറുകളും പീരങ്കികളും ഉപയോഗിച്ച് പ്രകോപനമൊന്നുമില്ലാതെ പാകിസ്താന്‍ ആക്രമണം നടത്തി. അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 16 സാധാരണക്കാരുടെ ജീവന്‍ നഷ്ടമായി. ഇവിടെ തിരിച്ചടിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. പാകിസ്താന്റെ അതേ തീവ്രതയില്‍ തിരിച്ചടിച്ചു', കേണല്‍ സോഫിയയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും വിശദീകരിച്ചു.
പാകിസ്താന്‍ ഭീകരവാദ സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ടിനെ സംരക്ഷിക്കുന്നുവെന്നും പാകിസ്താന്‍ ഭീകരതയുടെ കേന്ദ്രമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. പാകിസ്താന്‍ ആഗോള ഭീകരതയുടെ കേന്ദ്രമായി മാറുന്നുവെന്നും ബിന്‍ലാദനെ സംരക്ഷിച്ചത് പാകിസ്താനാണെന്നും അദ്ദേഹം പറഞ്ഞു. 'പാക് ഭീകരബന്ധം തെളിയിക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചു. ഭീകരരുമായുള്ള ബന്ധം പാക് മന്ത്രിമാര്‍ അംഗീകരിച്ചു. പാകിസ്താന്റെ ഭീകരപങ്ക് ഇന്ത്യ തുറന്നു കാട്ടി. ഭീകരരുടെ സംസ്‌കാരത്തില്‍ പാക് സൈനികര്‍ പങ്കെടുത്തു', വിക്രം മിശ്രി പറഞ്ഞു.
Content Highlights: Sofia Quraishi and Vyomika Singh about India s attack to Pakistan