
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിലൂടെ പഹൽഗാം ഭീകാരാക്രമണത്തിനുള്ള മറുപടി ഇന്ത്യ നൽകുമ്പോൾ കടുത്ത ആശങ്കയിലാണ് ഒരു കുടുംബം. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ(40)യുടെ ഭാര്യയാണ് ആശങ്ക പങ്കുവെച്ചത്. കോൺസ്റ്റബിൾ റാങ്കിലുള്ള പൂർണം കുമാറിനെ ഡ്യൂട്ടിക്കിടെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തിട്ട് ഏകദേശം 15 ദിവസത്തോളമാകുന്നു. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ കർഷകർക്ക് സുരക്ഷ ഒരുക്കുന്നതിനിടെ അബദ്ധത്തിലാണ് പൂർണം അതിർത്തി കടന്നത്.
തന്റെ ഭർത്താവിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ശത്രുരാജ്യത്തെ കസ്റ്റഡിയിലാണ് അദ്ദേഹം ഉള്ളതെന്നും ഭാര്യ രജനി കുമാർ ഷാ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. 'എന്റെ ഭർത്താവിനെ നല്ല രീതിയിലാവും അവർ കൈകാര്യം ചെയ്യുകയെന്ന് നിങ്ങൾ കരുതുന്നുണ്ടോ'യെന്നും രജനി കുമാർ ഷാ ചോദിച്ചു. ഇന്ത്യ തിരിച്ചടി നൽകുമെന്നുറപ്പായിരുന്നുവെന്നും എന്നാൽ അത് പൂർണം കുമാറിന്റെ മോചനത്തിനുശേഷമായിരിക്കുമെന്നാണ് കരുതിയതെന്നും ഗർഭിണി കൂടിയായ രജനി പറയുന്നു. വീട്ടിൽ ഇരുന്നുകൊണ്ട് തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും രജനി ചോദിക്കുന്നു. കേന്ദ്രവുമായി ഔദ്യോഗികമായി ആശയവിനിമയം നടത്താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
"എല്ലാവരും ഇന്ത്യൻ സേനയുടെ ഓപ്പറേഷനെ പ്രശംസിച്ചു. നമ്മുടെ പൂർണം ഇപ്പോൾ വീട്ടിലെത്തിയിരുന്നെങ്കിൽ ഞങ്ങളുടെ സന്തോഷം ഇതിലും കൂടുതലാകുമായിരുന്നു," പൂർണത്തിന്റെ ബന്ധു പറഞ്ഞു.
ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമാണ് പൂർണം കുമാർ ഷാ. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ഏപ്രിൽ 23-ന് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തിൽ അതിർത്തി മുറിച്ചു കടന്നപ്പോഴാണ് ഇദ്ദേഹം കസ്റ്റഡിയിലായത്. ജവാന്റെ മോചനവുമായി ബന്ധപ്പെട്ട് പാകിസ്താൻ സേനയുമായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും വിട്ടയച്ചിരുന്നില്ല.
Content Highlights: family members of BSF jawan Poornam Kumar Shaw in Pakistan custody worried