
ലക്‌നൗ: പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിച്ച് നടന്ന റാലിക്കിടെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനു നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന റാലിക്കിടെയാണ് രാകേഷ് ടികായത്തിനെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം നടന്നത്. ഭീകരാക്രണത്തിനു പിന്നാലെ പാകിസ്താനിലേക്കുളള ജലവിതരണം നിര്‍ത്തിവെച്ചത് അന്യായമാണെന്നും ഇന്ത്യയിലെയും പാകിസ്താനിലെയും കര്‍ഷകര്‍ക്ക് പൊതുവായ താല്‍പ്പര്യങ്ങളാണുളളതെന്നും രാകേഷ് ടികായത്തിന്റെ സഹോദരനും ബികെയു പ്രസിഡന്റുമായ നരേഷ് ടികായത്ത് നേരത്തെ പറഞ്ഞിരുന്നു. സഹോദരന്റെ പ്രസ്താവനയെ പിന്തുണച്ച് അന്ന് രാകേഷ് ടികായത്ത് രംഗത്തെത്തി.
ഈ രക്തച്ചൊരിച്ചിലില്‍ നിന്ന് ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിക്കുന്നതെന്ന് ആരും അന്വേഷിക്കാത്തത് എന്തുകൊണ്ടാണ് എന്ന് രാകേഷ് ടികായത്ത് ചോദിച്ചിരുന്നു. 'കളളന്‍ പാകിസ്താനിലല്ല, നമുക്കിടയില്‍ തന്നെയുണ്ട്. ആരാണോ ഹിന്ദു- മുസ് ലിം സംഘര്‍ഷമുണ്ടാക്കുന്നത് അവര്‍ക്ക് അതിന്റെ ഉത്തരമറിയാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ടികായത്തിന്റെ പ്രസ്താവന പാകിസ്താനെ പിന്തുണയ്ക്കുന്നതാണ് എന്നാണ് ഹിന്ദുത്വ വാദികളുടെ വാദം.
റാലി നടക്കുമ്പോള്‍ പ്രദേശത്ത് ആവശ്യത്തിന് പൊലീസ് സന്നാഹമുണ്ടായിരുന്നെന്ന് മുസഫര്‍ നഗര്‍ എസ്പി സത്യനാരായണ പ്രജാപത് പറഞ്ഞു. ഒരുസംഘം അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അദ്ദേഹം വേദി വിടുകയായിരുന്നു. അപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ട് അദ്ദേഹത്തിന്റെ ശിരോവസ്ത്രം അഴിഞ്ഞുവീണു. രാകേഷ് ടികായത്ത് ആക്രമിക്കപ്പെട്ടുവെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും- സത്യനാരായണ പ്രജാപത് കൂട്ടിച്ചേര്‍ത്തു.
Content Highlights: Rakesh Tikait ‘manhandled’ during protest against Pahalgam attack in Uttarpradesh