
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഒരു വ്യാപാരിക്ക് പങ്കുണ്ടെന്ന് സംശയം. ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് വരെ തുറന്നു പ്രവർത്തിച്ച വ്യാപാരസ്ഥാപനം ആക്രമണ ദിവസം അടഞ്ഞുകിടന്നിരുന്നു. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വ്യാപാരിയെ എൻഐഎ ചോദ്യം ചെയ്യുകയാണ്.
ഭീകരാക്രമണ ദിവസം പഹൽഗാമിൽ എത്താത്ത വ്യാപാരികളുടെ വിവരം എൻഐഎ ശേഖരിച്ചു. ഭീകരാക്രമണക്കേസിൽ ജമ്മു ജയിലിൽ കഴിയുന്ന രണ്ട് ഭീകരരെയും എൻഐഎ ചോദ്യം ചെയ്തു. 2023-ലെ രജൗരി ആക്രമണത്തിൽ പിടിയിലായ നിസാർ അഹ്മദ്, മുഷ്ത്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. ബൈസരൺ വാലിയിൽ നിന്ന് രക്ഷപ്പെട്ട ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖലയിൽ പൊതുജനങ്ങൾക്ക് സൈന്യം പ്രത്യേക ജാഗ്രതാ നിർദേശം നൽകി. തുടർച്ചയായ ഒൻപതാം ദിവസവും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താനിൽ നിന്നും വെടിവെപ്പുണ്ടായി. പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
അതേസമയം, ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പഹൽഗാം ഭീകരൻ ഉണ്ടെന്ന നിലയിൽ വന്ന സന്ദേശം വ്യാജമാണെന്ന് ശ്രീലങ്കയും ഇന്ത്യയും വ്യക്തമാക്കി. ചെന്നൈയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ സംശയാസ്പദമായ ഒരാളുണ്ടെന്ന ഇന്ത്യയിൽ നിന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന നടന്നത്. ഇന്ന് 12 മണിക്കാണ് വിമാനം ചെന്നൈയിൽ നിന്ന് കൊളംബോയിൽ എത്തിയത്.
യുഎൽ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്. പരിശോധന നടന്നെന്ന് ശ്രീലങ്കൻ എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വിദേശ വിനോദസഞ്ചാരിയുൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ബൈസരൺവാലിയിലെ പൈൻമരക്കാടുകളിൽ നിന്ന് ഇറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.
Content Highlights: Businessman suspected of involvement in Pahalgam attack