അഞ്ചോളം ക്രിമിനൽ കേസുകൾ, ഫാസിൽ കൊലക്കേസിലെ മുഖ്യപ്രതി; ആരാണ് കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടി

കാട്ടിപ്പള്ളയിലെ മംഗലപേട്ടയില്‍ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായതോടെയാണ് സുഹാസ് ഷെട്ടി രാജ്യത്താകെ ശ്രദ്ധിക്കപ്പെടുന്നത്

dot image

മംഗളൂരു: നിരവധി കൊലക്കേസില്‍ പ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത് ദക്ഷിണ കന്നഡയില്‍ അശാന്തി സൃഷ്ടിച്ചിരിക്കുകയാണ്. രാഷ്ട്രീയ പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയമുള്ളതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് മേഖലയിലൊരുക്കിയിരിക്കുന്നത്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു യോഗങ്ങള്‍, പ്രതിഷേധങ്ങള്‍ തുടങ്ങിയവയ്ക്ക് മെയ് ആറ് വരെ നിരോധനം പുറപ്പെടുവിച്ചിട്ടുണ്ട്.

കര്‍ണാടയില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍പ്പെട്ട നേതാവാണ് സുഹാസ് ഷെട്ടി. അഞ്ച് ക്രിമിനല്‍ കേസുകളുള്ള, ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. ഒരു കേസ് ദക്ഷിണ കന്നഡയിലും മറ്റ് നാലെണ്ണം മംഗളൂരു സിറ്റിയിലുമാണ്. കാട്ടിപ്പള്ളയിലെ മംഗലപേട്ടയില്‍ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായതോടെയാണ് സുഹാസ് ഷെട്ടി രാജ്യത്താകെ ശ്രദ്ധിക്കപ്പെടുന്നത്. 2022ലായിരുന്നു കൊലപാതകം നടന്നത്. ബിജെപി നേതാവ് പ്രവീണ്‍ നെട്ടരുവിന്റെ കൊലപാതകത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. ദീര്‍ഘകാലമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായിരുന്നു സുഹാസ് ഷെട്ടി.

അതേസമയം സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയില്‍ വിഎച്ച്പി അടക്കമുള്ള ഹിന്ദുത്വ സംഘടകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചെറിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്ക് നേരെ കല്ലേറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 8.27ന് കിന്നിപ്പടവ് വെച്ചാണ് സുഹാസ് ഷെട്ടിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. സുഹാസ് ഷെട്ടിയും മറ്റ് അഞ്ച് പേരും സഞ്ചരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറിനെ രണ്ട് വാഹനങ്ങള്‍ തടയുകയായിരുന്നു. ഇതിലുണ്ടായ ആറോളം പേര്‍ വാളുകളും മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് സുഹാസിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹാസിനെ എജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ ബാജ്‌പെ പൊലീസ് സ്റ്റേഷനില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: Who is Bajrang Dal leader Suhas Shetty who killed in Mangaluru

dot image
To advertise here,contact us
dot image