
ന്യൂഡൽഹി: രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ''പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി അർപ്പിച്ചു. ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല. ഈ ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെ വിടില്ല", അമിത് ഷാ കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട 25 പേരുടെ മൃതദേഹങ്ങൾ എയർ പോർട്ടിലേക്ക് കൊണ്ട് പോയി. പൊലീസ് ആസ്ഥാനത്ത് നിന്നാണ് മൃതദേഹങ്ങൾ വിമാനത്താവളത്തിൽ എത്തിച്ചത്. കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിൽ എത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുടർന്ന് രാത്രി ഏഴുമണിയോടെ കൊച്ചിയിൽ എത്തിക്കും.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയിൽ നിന്ന് അതിഥികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ ഒമർ അബ്ദുള്ള അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.
'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലമായ ബൈസരൻവാലി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:30 ഓടെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 28 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
Content Highlights: Amit Shah reviews security situation at Baisaran