കർണാടക മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ

പല്ലവി സ്‌കീസോഫ്രീനിയ രോഗത്തിന് ചികിത്സ തേടിയിരുന്നതായി മകൻ കാർത്തികേഷാണ് പൊലീസിന് മൊഴി നൽകിയത്

കർണാടക മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ
dot image

ബെം​ഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ മരണത്തിൽ ഭാര്യ പല്ലവി സ്‌കീസോഫ്രീനിയ രോഗിയെന്ന് മകൻ കാർത്തികേഷ്. പല്ലവി ഈ അസുഖത്തിന് ചികിത്സ തേടിയിരുന്നതായി മകൻ കാർത്തികേഷാണ് പൊലീസിന് മൊഴി നൽകിയത്. അന്വേഷണത്തിന്റെ ഭാ​ഗമായി പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

കേസ് വിശദമായി നിരീക്ഷിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. അതേസമയം ഉത്തര കന്നഡ ജില്ലയിലെ സ്വത്തുക്കൾ ഓം പ്രകാശ് സഹോദരിക്ക് ഇഷ്ടദാനം നൽകിയതിന്റെ പേരിൽ കുടുംബത്തിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിനെ കുത്തിപരിക്കേൽപ്പിച്ച ശേഷം ഇയാൾ പിടഞ്ഞു മരിക്കുന്നത് പല്ലവിയും മകൾ കൃതിയും നോക്കിയിരുന്ന് കണ്ടുവെന്നും കുടുംബം മൊഴി നൽകിയിട്ടുണ്ട്. പൊലീസെത്തിയിട്ടും വാതിൽ തുറക്കാഞ്ഞത് മരണം ഉറപ്പാക്കാൻ വേണ്ടി ആയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഓംപ്രകാശിന്റെ മരണത്തിൽ മകളുടെ അറസ്റ്റും ഉടൻ പുറത്ത് വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോ‍ർട്ടുകൾ.

ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോകോള്‍ ചെയ്ത് താന്‍ 'ആ പിശാചിനെ കൊന്നു' എന്ന് പല്ലവി പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ കൊലപാതക വിവരം പുറം ലോകം അറിയുന്നത്. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓം പ്രകാശ് നേരത്തെ ചില അടുത്ത സുഹൃത്തുക്കളോട് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിലവിൽ ഓം പ്രകാശിന്റെ പോസ്റ്റ് മോർട്ടം പുരോഗമിക്കുകയാണ്.

Content Highlights:Om Prakash's death; wife Pallavi 'suffered from schizophrenia'

dot image
To advertise here,contact us
dot image