'നീതി ലഭിച്ചില്ലെങ്കിൽ രാജി'; ദളിത് യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി

തനിക്ക് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് പറഞ്ഞ് തേങ്ങിക്കരയുന്ന എംപിയെയും വീഡിയോയില്‍ കാണാം

'നീതി ലഭിച്ചില്ലെങ്കിൽ രാജി'; ദളിത് യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി
dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 22കാരിയായ ദളിത് യുവതിയുടെ മരണത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഫൈസാബാദ് എംപി അവദേഷ് പ്രസാദ്. കനാലില്‍ നിന്നും നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം. വികാരാധീതനായ എംപി യുവതിക്ക് നീതി ലഭിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നും പ്രതികരിച്ചു. പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

'നിങ്ങള്‍ അവര്‍ക്ക് വേണ്ടി പോരാടണം. അവള്‍ക്ക് നീതി ലഭ്യമാക്കണം. ഞാന്‍ ലോക്‌സഭയില്‍ മോദിക്ക് മുന്നില്‍ വിഷയം ഉന്നയിക്കും. നീതി ലഭിച്ചില്ലെങ്കില്‍ ഞാന്‍ രാജിവെക്കും', അദ്ദേഹം പറഞ്ഞു. തനിക്ക് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് പറഞ്ഞ് തേങ്ങിക്കരയുന്ന എംപിയെയും വീഡിയോയില്‍ കാണാം. സമീപമുള്ളവര്‍ എംപിയെ സമാധാനിപ്പിക്കുന്നതും വീഡിയോയിലുണ്ട്. നീതി ലഭിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് പറയുമ്പോള്‍ നിങ്ങളെ തിരഞ്ഞെടുത്തത് ജനങ്ങള്‍ക്ക് വേണ്ടി പോരാടാനാണെന്നും പറഞ്ഞ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി മുതല്‍ യുവതിയെ കാണാതായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ സഹോദരിയുടെ ഭര്‍ത്താവാണ് ഗ്രാമത്തില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള കനാലില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. യുവതിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടിട്ടുണ്ടെന്നും ശരീരത്തില്‍ നിറയെ പരുക്കുകളും ചതവുകളുമുണ്ടെന്നും കുടുംബം ആരോപിക്കുന്നു. മാത്രവുമല്ല, യുവതിയുടെ രണ്ട് കൈകളും കാലുകളും കയറുപയോഗിച്ച് കെട്ടിയിട്ടുണ്ടായിരുന്നു. ആഴത്തിലുള്ള മുറിവുകളും ശരീരത്തിലുണ്ട്. ഒരു കാല്‍ ഒടിഞ്ഞ നിലയിലായിരുന്നു ഉണ്ടായത്.

ശരീരത്തിലെ ക്രൂരമായ മുറിവുകള്‍ കണ്ടതിന് പിന്നാലെ യുവതിയുടെ സഹോദരിക്കും മറ്റ് രണ്ട് സ്ത്രീകള്‍ക്കും ബോധക്ഷയമുണ്ടായി. വെള്ളിയാഴ്ച പരാതി ലഭിച്ചതിന് പിന്നാലെ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അശുതോഷ് തിവാരി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മകളെ കാണാതായതിന് പിന്നാലെ പരാതി നല്‍കിയിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

Content Highlights: Faizabad MP cries in front of media s on Ayodhya women death

dot image
To advertise here,contact us
dot image